ഹെലികോപ്ടറിൽ കുറഞ്ഞ ചിലവിൽ അടിപൊളി യാത്ര; ഓണക്കാലത്ത് സർക്കാറിന്റെ കിടിലൻ ടൂറിസം പാക്കേജ്

Share our post

തിരുവനന്തപുരം: ഓണക്കാലത്ത് തലസ്ഥാനത്തും അറബിക്കടലിന് മുകളിലും ഹെലികോപ്റ്ററിൽ ചുറ്റിയടിക്കാം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൂറിസം സീസണിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന സെപ്തംബർ മുതൽ ഹെലികോപ്റ്റർ ടൂറിസമെന്ന നൂതന ടൂറിസം സംരംഭത്തിന് തലസ്ഥാനം വീണ്ടും സാക്ഷിയാകും.

ടൂറിസം പ്രമോഷന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) പ്രമുഖ സ്വകാര്യ ഹെലികോപ്റ്റർ ടൂർ ഓപ്പറേറ്ററിംഗ് കമ്പനിയുമായി സഹകരിച്ചാണ് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്ര ഒരുക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ടൂറിസം രംഗത്ത് നടപ്പാക്കുന്ന നൂതന ആശയങ്ങളുടെ ഭാഗമായാണ് കഴിഞ്ഞവർഷം ഹെലികോപ്റ്റർ ടൂറിസം പദ്ധതി നടപ്പാക്കിയത്.

കുടുംബാംഗങ്ങളോ സുഹൃത്തുക്കളുമായോ ഒന്നിച്ച് കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാൻ പദ്ധതി വഴി കഴിയും. ഹെലികോപ്റ്റർ ടൂറിസത്തിന് വലിയ സാദ്ധ്യതയാണുള്ളതെന്നും വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ് വളരെ കുറഞ്ഞ ചെലവിൽ അവതരിപ്പിക്കുന്നതെന്നും ഡി.ടി.പി.സി അറിയിച്ചു. ജനപങ്കാളിത്തം കണക്കിലെടുത്ത് ഹെലികോപ്റ്റർ ടൂറിസം പദ്ധതിയിലൂടെ സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.

വിജയം കണ്ട പദ്ധതി

ഒരേസമയം ആറുപേർക്ക് യാത്രചെയ്യാം. ഒരാൾക്ക് 4500 രൂപയായിരുന്നു നിരക്ക്. ഈ വർഷം നിരക്കിൽ ആനുപാതികമായ ചെറിയ വർദ്ധനയുണ്ടായേക്കുമെന്നാണ് സൂചന. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നടത്തിയ ഹെലികോപ്റ്റർ ടൂറിസം സവാരി ക്ളിക്കായതോടെയാണ് ഇത്തവണ ടൂറിസം സീസണിന്റെ തുടക്കം മുതൽ സവാരി സാദ്ധ്യമാക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

ഹെലികോപ്റ്ററിൽ കറങ്ങാം

കോവളത്തു നിന്ന് ഉയർന്നുപൊങ്ങി വിഴിഞ്ഞം തുറമുഖവും വേളി,​ ആക്കുളം ടൂറിസം കേന്ദ്രങ്ങളും തലസ്ഥാന നഗരിയുടെ ആകാശക്കാഴ്ചകളും ആസ്വദിച്ച് തിരിച്ചെത്തും വിധത്തിൽ പത്തുമിനിട്ടോളം ദൈർഘ്യമുള്ള സവാരിയാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

ഓണത്തിരക്കും കാണാം

ഓണക്കാലമായതിനാൽ ചാലക്കമ്പോളത്തിലേതുൾപ്പെടെ തലസ്ഥാനത്തെ ഓണത്തിരക്കുകളുടെയും വിപണികളുടെയും വിസ്മയങ്ങൾക്കൊപ്പം അനന്തപുരിയുടെ ആകാശക്കാഴ്ച ആസ്വദിക്കാനും ഹെലികോപ്റ്റർ ടൂറിസം സഹായകമാകും. കഴിഞ്ഞവർഷം ഹിറ്റായ ടൂറിസം പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ഹെലികോപ്റ്റർ ടൂറിസം. ഇത്തവണ ഓണക്കാലത്ത് ഹെലികോപ്റ്റർ സവാരിക്ക് അവസരം ഒരുക്കാനാണ് ആലോചിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!