ഇരിട്ടി പെരുമ്പറമ്പിൽ ഇക്കോ പാർക്ക്: ആദ്യഘട്ടം പ്രവർത്തനം ഉദ്‌ഘാടനം 18ന്
        ഇരിട്ടി : പായം പഞ്ചായത്തിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണമാരംഭിച്ചു. 18ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കോ പാർക്ക് ആദ്യഘട്ടം പ്രവർത്തനം ഉദ്‌ഘാടനം ചെയ്യും.  
ഇരിട്ടി –തളിപ്പറമ്പ് പാതയിൽ പെരുമ്പറമ്പിൽ  പഴശ്ശി പദ്ധതി ജലാശയ പരിസരത്തെ പത്തേക്കറിലാണ് പാർക്കൊരുങ്ങുന്നത്.  പഴശ്ശി പദ്ധതിക്കായി ഏറ്റെടുത്ത  ഭൂമിയാണിത്. മുപ്പത് കൊല്ലം മുമ്പ് വനംവകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന് കൈമാറിയ സ്ഥലത്ത് 1988ൽ മഹാത്മാഗാന്ധി  പാർക്ക് സ്ഥാപിച്ചിരുന്നു. സംരക്ഷിക്കാനാളില്ലാത്തതിനാൽ പാർക്ക് നശിച്ചു. പഴയ പാർക്കുണ്ടായിരുന്ന സ്ഥലത്താണ് ഇക്കോ പാർക്ക് നിർമിക്കുന്നത്. പ്രദേശത്തിന്റെ പകുതിയിടം നിറയെ അക്കേഷ്യ മരങ്ങളാണ്. ഈ സ്ഥലംകൂടി  പദ്ധതിക്കായി വിട്ടുകിട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്.  
ചെറിയ ഉദ്യാനം,  ഇരിപ്പിടങ്ങൾ,  കളിസ്ഥലം, ശുചിമുറി ബ്ലോക്ക് എന്നിവയാണ് ആദ്യ ഘട്ടത്തിൽ  ഒരുക്കുന്നത്. നടപ്പാതകളും നിർമിക്കും. കഫ്‌റ്റേരിയ,  ഐസ്ക്രീം പാർലർ എന്നിവയും ഒരുക്കും. പൊതുപരിപാടികൾ നടത്താൻ സ്‌റ്റേജും ഓപ്പൺ ഓഡിറ്റോറിയവും നിർമിക്കാനും പദ്ധതിയുണ്ട്.
പായം പഞ്ചായത്ത് ചുമതലയിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് ഇക്കോ പാർക്ക് ഒരുക്കുന്നതെന്ന് ഇക്കോ പാർക്ക് സൊസൈറ്റി ഭാരവാഹി ജെ  സുശീൽ ബാബു പറഞ്ഞു.  സെക്ഷൻ ഫോറസ്റ്ററാണ് കമ്മിറ്റി സെക്രട്ടറി. ജൈവ പാർക്ക് ഇരിട്ടി താലൂക്ക് കേന്ദ്രത്തിൽ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി പറഞ്ഞു. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ ചുമതലയിലുള്ള വള്ള്യാട്  സഞ്ജീവനി വനവും തൊട്ടടുത്ത് പതിനഞ്ചേക്കറിൽ പച്ചപ്പാർന്ന് കിടക്കുന്ന അകംതുരുത്തി ദ്വീപും കൂട്ടിയിണക്കി ഇക്കോ ടൂറിസം പദ്ധതി വിപുലീകരിക്കണമെന്ന ആവശ്യത്തിലാണ് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ.   
