ചുരിദാർ ബുക്ക് ചെയ്ത ശ്രീകണ്ഠപുരം സ്വദേശിയുടെ ഒരു ലക്ഷം രൂപ തട്ടിയ പ്രതി റിമാൻഡിൽ

Share our post

ശ്രീകണ്ഠപുരം: ഓൺലൈൻ ആപ്പ് വഴി ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശിയെ റിമാൻഡ് ചെയ്തു. അസറുദ്ദീൻ അൻസാരിയെയാണ് (28) ശ്രീകണ്ഠപുരം സി.ഐ ഇ.പി.സുരേശന്റെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തത്.

എള്ളരിഞ്ഞി സ്വദേശി രജനയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് യുവതി സിലോറി ഫാഷൻ എന്ന ഓൺലൈൻ ആപ്പ് വഴി 299 രൂപയുടെ ചുരിദാർ ബുക്ക് ചെയ്തത്. ഫോൺ പേ വഴി പണം അയച്ച് കൊടുത്തെങ്കിലും ചുരിദാർ ലഭിച്ചിരുന്നില്ല. തുടർന്ന് യുവതി ഓൺലൈൻ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോൾ പണം ലഭിച്ചില്ലെന്നും പരിശോധനയ്ക്കായി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പർ മെസേജ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് മൊബൈൽ നമ്പർ അയച്ചുകൊടുത്തതിന് പിന്നാലെ യുവതിയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു. എസ്.ബി.ഐ.യുടെ ശ്രീകണ്ഠപുരം ബ്രാഞ്ചിൽ നിന്നാണ് പണം പിൻവലിച്ചത്. സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അക്കൗണ്ടിൽ നിന്ന് അസറുദ്ദീൻ അൻസാരിയുടെ അക്കൗണ്ടിലേക്കാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ദിവസം ജാർഖണ്ഡിലെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ രാത്രിയോടെ ശ്രീകണ്ഠപുരത്തെത്തിച്ചു. എ.എസ്.ഐ സജിമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശിവപ്രസാദ്, രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!