കണ്ടാൽ ഉറുമ്പുകളെ പോലെ, സൈലന്റ് വാലിയിൽ പുതിയ ഇനം കാട്ടുകടന്നൽ
കോഴിക്കോട്: വെൽവെറ്റ് ഉറുമ്പുകൾ (വെൽവെറ്റ് ആന്റ്സ്) ഉറുമ്പുകളേയല്ല, ഒട്ടേറെ സവിശേഷതകളുള്ള കടന്നൽ വിഭാഗമാണിവ. പെൺ വിഭാഗത്തിന് ചിറകില്ലാത്തതു കാരണം കണ്ടാൽ ഉറുമ്പുകളെപ്പോലിരിക്കും. പാലക്കാട് സൈലന്റ്വാലി ദേശീയോദ്യാനത്തിൽനിന്ന് പുതിയൊരിനം കടന്നലിനെ, വെൽവെറ്റ് ഉറുമ്പിനെ കണ്ടെത്തിയിരിക്കയാണ് ഗവേഷകർ.
മ്യൂട്ടിലിഡെ കുടുംബത്തിലെ സ്മിക്രോമിർമെ ജനുസ്സിൽപ്പെട്ട പുതിയ സ്പീഷീസ് കടന്നലിന് സ്മിക്രോമിർമെ വില്യംസി എന്നാണ് ശാസ്ത്രീയനാമം. അമേരിക്കൻ കടന്നൽ വർഗീകരണശാസ്ത്രജ്ഞൻ ഡോ. കെവിൻ വില്യംസിനോടുള്ള ആദരസൂചകമായാണ് കടന്നലിന് അദ്ദേഹത്തിന്റെ പേരിട്ടത്.
ഇത്തരം കടന്നലുകളിൽ ആണുങ്ങൾ പൊതുവേ വലുതും ചിറകുള്ളവരുമാണ്. ഈയിനം കടന്നലുകളുടെ കുത്തേറ്റാൽ കുറച്ചുനേരത്തേക്ക് കഠിനമായ വേദന അനുഭവപ്പെടും. ചിറകുള്ള വലിയ ആൺകടന്നലുകൾ ഇണകളായ ചിറകില്ലാത്ത ചെറിയ പെൺകടന്നലുകളെ കാലുകൾക്കിടയിലാക്കി പറന്നുയരുകയും പറക്കുന്നതിനിടയിൽ ഇണചേരുകയും ചെയ്യുന്നു. പെൺകടന്നലുകൾ പൊതുവേ മറ്റുവർഗങ്ങളിൽപ്പെട്ട തേനീച്ചകളുടെയും കടന്നലുകളുടെയും കൂടുകളിലാണ് മുട്ടയിട്ട് വംശവർധന നടത്തുന്നത്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോഴിക്കോട് കേന്ദ്രം ഗവേഷകരായ ടെറിൻ ജോഷ്വാ ബെഞ്ചമിൻ, ഡോ. പി. ഗിരീഷ്കുമാർ എന്നിവരാണ് പഠനം നടത്തിയത്. അന്താരാഷ്ട്ര ശാസ്ത്രജേണലിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.
