കൊറിയർ സർവീസ് ഹിറ്റ്: കാർഗോ ബസ്സിറക്കാൻ കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം : ചരക്ക് കൊണ്ടുപോകാനായി കെ.എസ്.ആർ.ടി.സി കാർഗോ ബസിറക്കുന്നു. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സിന്റെ ഭാഗമായാണ് തിരുവനന്തപുരം–കാസർകോട്ടേക്കും തിരിച്ചും സർവീസ് നടത്തുക. വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. ഷോപ്പുകളിൽനിന്ന് ഓർഡർ എടുക്കുകയും ആവശ്യമനുസരിച്ച് എവിടെയാണെങ്കിലും അവ എത്തിച്ചു നൽകുകയും ചെയ്യും.
നിലവിൽ 45 ഡിപ്പോയിൽനിന്നാണ് ഫ്രണ്ട് ഓഫീസ് സ്ഥാപിച്ച് കവറുകൾ സ്വീകരിക്കുന്നത്. ഇവ എല്ലാ ഡിപ്പോയിലേക്കും വ്യാപിക്കാനുള്ള നടപടിയും ആരംഭിച്ചു. ബംഗളൂരുവിൽ കൊറിയർ കലക്‌ഷൻ സെന്റർ ഉണ്ടായിരുന്നെങ്കിലും താൽക്കാലികമായി അടച്ചു. അത് ഉൾപ്പെടെ മൈസൂരു, തെങ്കാശി എന്നിവിടങ്ങളിലും കലക്‌ഷൻ സെന്റർ തുറക്കും.
ഡിപ്പോ ടു ഡിപ്പോ സേവനമാണ് നിലവിലുള്ളതെങ്കിലും മേൽവിലാസക്കാരന് എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കെ.എസ്.ആർ.ടി.സി.യുമായി സഹകരിക്കാൻ നിരവധി സ്ഥാപനങ്ങളും സ്വകാര്യ ഏജൻസികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി നേരിട്ട് നടത്തുന്നത് സേവനത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചതായി വിവിധ ഏജൻസിക്കാർ പറയുന്നു.
ഓണക്കാലത്ത് ഗിഫ്‌റ്റുകൾ എത്തിക്കാൻ നിരവധിപേർ കെഎസ്‌ആർടിസി കൊറിയറിനെ ആശ്രയിച്ചിരുന്നു. വരുമാനത്തിൽ 30 ശതമാനത്തിൽ അധികം വർധന ഇക്കാലത്ത് നേടാനുമായി. കലക്‌ഷനിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം സെൻട്രൽ എന്നിവയാണ് മുന്നിൽ. എല്ലാ ജില്ലാ ആസ്ഥാനത്തെയും കലക്‌ഷൻ സെന്റർ 24 മണിക്കൂറും പ്രവർത്തിച്ചുതുടങ്ങി. ഇതിനു പുറമെ ദേശീയപാതയ്‌ക്കു സമീപമുള്ള ഡിപ്പോകളും മുഴുവൻ സമയവുമുണ്ടാകും. സ്വകാര്യ കൊറിയർ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ തുകയാണ് ചരക്ക് കൈമാറ്റത്തിന് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്.
