വേതനം മുടങ്ങിയിട്ട് ഒരു വർഷം: കോലക്കാരും ആചാരസ്ഥാനികരും സമരത്തിലേക്ക്

കണ്ണൂർ: ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന വേതനം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര മലബാറിലെ തെയ്യം കലാകാരന്മാരും ആചാര സ്ഥാനികന്മാരും സമരത്തിലേക്ക്. കണ്ണൂർ – കാസർകോട് ജില്ലകളിലായി ഇരുന്നൂറ് കോലധാരികളും അറുന്നൂറോളം ആചാരസ്ഥാനികന്മാരുമാണുള്ളത്.
ഇവർക്കുള്ള പ്രതിമാസ വേതനം 1400 രൂപയാണ് ഒരു വർഷമായി മുടങ്ങിയത്. കോലധാരികൾക്ക് അറുപത് വയസു കഴിഞ്ഞാൽ മാത്രമാണ് വേതനത്തിന് അർഹത.ദേവസ്വം ബോർഡിൽ നിന്നുള്ള ഈ വേതനത്തിന് അപേക്ഷിച്ചതിനാൽ ഇവർക്ക് ക്ഷേമ പെൻഷൻ ലഭിച്ചിരുന്നില്ല.
പ്രതിമാസം 200 രൂപ കുറവായിട്ടും ക്ഷേമപെൻഷൻ വേണ്ടെന്ന് വച്ച് അപേക്ഷിച്ചിരുന്ന വേതനമാണ് ഇപ്പോൾ ഒരു വർഷമായി മുടങ്ങിയിരിക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിയമസഭയിൽ പ്രശ്നം അവതരിപ്പിച്ചിരുന്നു. വേതനം നൽകുന്നതിനായി ധനകാര്യ വകുപ്പിനോട് അഞ്ചര കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിമാസ വേതനം 2000 ആയി ഉയർത്തുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നെങ്കിലും നടപ്പിലായില്ല.
7 വർഷമായി അപേക്ഷ സ്വീകരിക്കുന്നില്ലകഴിഞ്ഞ ഏഴ് വർഷമായി കോലധാരികളിൽ നിന്നും ആചാരസ്ഥാനികരിൽ നിന്നും വേതനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നില്ല. 2016ലാണ് അവസാനമായി അപേക്ഷ ക്ഷണിച്ചത്. അതിനു ശേഷം നൂറോളം ആളുകൾ മരണപ്പെടുകയും അവർക്ക് പകരക്കാരായി ആളുകൾ സ്ഥാനമേൽക്കുകയും ചെയ്തിരുന്നെങ്കിലും അപേക്ഷ കൊടുക്കാൻ സാധിക്കാത്തതിനാൽ ഇവർക്ക് ആനുകൂല്യം ലഭിക്കുന്നില്ല.
ഇത്രയുമാളുകളുടെ വേതന കുടിശിക വിതരണം ചെയ്യാൻ ഒന്നരക്കോടിയോളം രൂപ മാത്രമാണ് ആവശ്യം. നിയമസഭയിൽ ലഭിച്ച ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്ന് ദേവസ്വം, ധനകാര്യ മന്ത്രിമാർ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ, കണ്ണൂർ-കാസർകോട് ജില്ലയിലെ എം.എൽ.എമാർ എന്നിവർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും പുതിയ അപേക്ഷകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജൂലായ് 19ന് മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കും.രാജൻ പെരിയ, ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്