ഗവിയിലേക്കും പോകാം ഇനി കെ.എസ്.ആർ.ടി.സി.യിൽ

കണ്ണൂർ: പ്രകൃതിഭംഗി മതിയാവോളം ആസ്വദിച്ച് ഗവിയിലേക്കും ഇനി കെ.എസ്.ആർ.ടി.സി.യിൽ യാത്ര പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. മേയ് അഞ്ചിനാണ് ആദ്യയാത്ര.
കെ.എസ്.ആർ.ടി.സി.യുടെ കീഴിലെ ബജറ്റ് ടൂറിസം പദ്ധതി അടുത്തിടെയാണ് ജില്ലയിൽ ഒരുവർഷം പൂർത്തിയാക്കിയത്. ഇതിനോടകം 200-ലധികം യാത്രകൾ നടത്തി 1.75 കോടിയിലേറെ രൂപ വരുമാനവും നേടി ഹിറ്റാണ് കണ്ണൂർ ഡിപ്പോ.
സംസ്ഥാനത്തുതന്നെ ബജറ്റ് ടൂറിസം പദ്ധതി മുഖേന ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ഡിപ്പോയാണ് ജില്ലയുടെത്. കണ്ണൂർ ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ വി.മനോജ്‌കുമാർ, ടൂറിസം ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ.റോയി, ഡിപ്പോ കോ ഓർഡിനേറ്റർ കെ.ആർ.തൻസീർ എന്നിവരാണ് ജില്ലയിൽ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കണ്ണൂരിൽനിന്ന് മേയ് അഞ്ചിന് വൈകീട്ട് ആറിന് പുറപ്പെടും. ആറിന് പുലർച്ചെ അഞ്ചിന് കുമളിയിലെത്തും. രാമക്കൽമേട്ടിലേക്ക് ജീപ്പ് സവാരിയും പാക്കേജിന്റെ ഭാഗമായിട്ടുണ്ട്. യാത്രയിൽ ചെല്ലാൻകോവിൽ, ഒട്ടകത്തലമേട്, വാച്ച്ടവർ വ്യൂപോയിന്റ് തുടങ്ങിയ ഇടങ്ങളിൽ ഇടുക്കിയുടെ ഭൂപ്രകൃതി അനുഭവിച്ചറിയുകയും ചെയ്യാം.
കുമളിയിൽനിന്ന് മേയ് ഏഴിന് ഗവിയിലേക്ക് പുറപ്പെടും. ഗവിയോടൊപ്പം പരുന്തൻപാറയും സന്ദർശിച്ച് ഏഴിന് രാത്രി മടക്കം. എട്ടിന് രാവിലെ ആറിന് കണ്ണൂരിൽ തിരിച്ചെത്തുന്നവിധത്തിലാണ് യാത്ര ഒരുക്കുന്നത്. ഒരാൾക്ക് 5650 രൂപയാണ് ചാർജ്.
കണ്ണൂരിൽനിന്നുള്ള മറ്റു യാത്രകൾ
ആഡംബര കപ്പൽയാത്ര: ഈമാസം 28-നും മേയ് 16, 24, 30 തീയതികളിലും. ഫീസ് 3850 രൂപ. വാഗമൺ-കുമരകം: എല്ലാ വെള്ളിയാഴ്ചകളിലും. ഫീസ് 3900 രൂപ. മൂന്നാർ: എല്ലാ വെള്ളിയാഴ്ചകളിലും. ഫീസ് 2960 രൂപ. വയനാട്: എല്ലാ ഞായറാഴ്ചകളിലും. ഫീസ് 1780 രൂപ. (മൂന്നാർ യാത്രയിലൊഴികെ മറ്റു യാത്രകളിലെല്ലാം ഭക്ഷണം ഉൾപ്പെടെ പാക്കേജിന്റെ ഭാഗമായി നൽകുന്നുണ്ട്.)
കൂടുതൽ വിവരങ്ങൾക്ക്: 9496131288, 8089463675.