നാടിനെ നയിക്കാൻ കൃഷ്ണപിള്ള വായനശാല
മയ്യിൽ: നാടിന്റെ നന്മക്കായുള്ള എല്ലാ പ്രവർത്തനങ്ങളെയും നയിക്കുന്ന ഗ്രന്ഥശാലയാണ് ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല. സംഘാടനത്തിലും സാന്ത്വന പ്രവർത്തനത്തിലും മാതൃകയായ മഹാനായ കൃഷ്ണപിള്ളയുടെ നാമധേയത്തിലുള്ള ഗ്രന്ഥശാല വായനയ്ക്കപ്പുറം ഒരു പ്രദേശത്തിന്റെ നേട്ടത്തിനാകെ കൈയൊപ്പ് ചാർത്തുകയാണ്.
ദുരന്ത മുഖങ്ങളിൽ സഹായഹസ്തമാണ് ഈ സാംസ്കാരിക സ്ഥാപനം. സായുധ സേനാ പരിശീലനത്തിലൂടെ 22 യുവാക്കൾക്ക് വിവിധ സേനകളിൽ ജോലി നേടിക്കൊടുത്ത വായനശാല കുടുംബങ്ങളുടെ അത്താണിയാണ്. നീന്തൽ പരിശീലനത്തിലൂടെ നാട് കൈവരിച്ച ആത്മവിശ്വാസത്തിന് പിന്നിലും ഗ്രന്ഥശാലയുടെ കരങ്ങളും കരുത്തുമുണ്ട്. വർഷങ്ങളായി ചാൾസൺ ഏഴിമലയാണ് നീന്തൽ പരിശീലനം നൽകുന്നത്.
ഭൂമി പാട്ടത്തിനെടുത്ത് നെല്ല്, പച്ചക്കറി, കിഴങ് കൃഷി നടത്തുന്നു. യുവാക്കൾക്ക് കമ്പവലിയും യുവതികൾക്ക് ഇരുചക്രവാഹന പരിശീലനവും നൽകും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫിലിം സൊസൈറ്റി, യുവജന–- വനിത–-ബാല–-വയോജന വേദികളും വായനശാലയ്ക്കുണ്ട്. എ പ്ലസ് ഗ്രേഡുള്ള ഗ്രന്ഥാലയത്തിൽ പതിമൂന്നായിരത്തി ഇരുനൂറിലധികം പുസ്തകങ്ങളും 650 അംഗങ്ങളുമുണ്ട്.
ലൈബ്രറി പ്രവർത്തനം ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ടിതമാണ്. ലൈബ്രറി കൗൺസിലിന്റെ അക്ഷരജ്വാല, മികച്ച ഡോക്യുമെന്റേഷൻ പുരസ്കാരം, എൻ ഇ ബാലറാം പുരസ്കാരം, മികച്ച യൂത്ത് ക്ലബ്ബിനുള്ള സംസ്ഥാന, ജില്ലാതല സ്വാമി വിവേകാനന്ദ പുരസ്കാരങ്ങൾ ഗ്രന്ഥശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. നെഹ്റു യുവ കേന്ദ്ര, യുവജനക്ഷേമ ബോർഡ്, കേരളാ ഫോക്ലോർ അക്കാദമി എന്നിവയിലും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
പുരോഗമന ചിന്താഗതിക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ 1987ലാണ് വായനശാല രൂപംകൊണ്ടത്. 2000ൽ ലൈബ്രറി കൗൺസിൽ അഫിലിയേഷൻ ലഭിച്ചത് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി. 2006ൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ഇല്യൂഷൻ പരിപാടി നടത്തി സമാഹരിച്ചതും ലൈബ്രറി കൗൺസിൽ ഗ്രാന്റും സാമൂഹ്യ പ്രവർത്തകരുടെ സേവനത്തിലൂടെയുമാണ് സ്വന്തമായൊരു കെട്ടിടം യാഥാർഥ്യമാക്കിയത്. ടി രത്നാകരൻ പ്രസിഡന്റും പി പ്രശാന്തൻ സെക്രട്ടറിയുമായ ഗ്രന്ഥാലയം നാടിന്റെ ഹൃദയസ്പന്ദനമായി മുന്നേറുന്നു.
