കുറ്റവാളിയെ മാത്രമല്ല,​ മറഞ്ഞിരിക്കുന്ന സസ്യത്തെയും കണ്ടെത്തും ഈ ഡി.വൈ.എസ്.പി

Share our post

കാഞ്ഞങ്ങാട്: ‘ടൈലോഫോറ ബാലകൃഷ്ണാനി എന്ന പേരു കേൾക്കുമ്പോൾ ഒന്നിലധികം കൗതുകങ്ങളുണരും. ഇതൊരു ജലസസ്യമാണെന്നറിയുമ്പോൾ ഇതിനോടൊപ്പമുള്ള പേര് ആരുടേതാണെന്ന ചോദ്യം വരും. അതൊരു ഉന്നത പൊലീസ് ഓഫീസറുടേതാണെന്ന് കൂടിയറിയുമ്പോൾ ആരുമൊന്ന് അത്ഭുതപ്പെടും.

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡിവൈ.എസ്.പി ഡോ: വി. ബാലകൃഷ്ണൻ പാട്ടാളിയുടെ പേരിലാണ് കാസർകോട് കൂവപ്പാറയിൽ നിന്നും കണ്ടെത്തിയ സസ്യം അറിയപ്പെടുന്നത്. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ മുൻ മേധാവിയും ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയുമായ ഡോ: വി. ബാലകൃഷ്ണൻ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയ ഇടക്കാലത്ത് കണ്ടെത്തിയ ഈ ചെടിക്ക് അദ്ദേഹത്തിന്റെ പേര് തന്നെ ഗവേഷകർ നൽകുകയായിരുന്നു. പശ്ചിമ ഘട്ടത്തിൽ ചെങ്കൽ സമതലങ്ങളിലെ കുളങ്ങളിൽ മാത്രം വളരുന്ന ഈ ജലസസ്യം സസ്യശാസ്ത്രത്തിൽ പി.എച്ച്.ഡി.യുള്ള ഈ ഡിവൈ.എസ്.പിയുടെ സ്വന്തം കണ്ടെത്തൽ തന്നെയാണ്.

‘ടൈലോഫോറ നെഗ്ലെക്ട’ എന്ന മറ്റൊരു സസ്യത്തെക്കൂടി ഇതിനൊപ്പം ഡിവൈ.എസ്.പി അടങ്ങുന്ന സസ്യഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വെള്ളയും പിങ്കും കലർന്ന പൂക്കൾ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയിൽ തൂവൽമല പ്രദേശത്താണ് കണ്ടെത്തിയത്. രണ്ടു സസ്യങ്ങളെയും സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചൻ. എം. സലിം, ജയേഷ്.പി.ജോസഫ്, എം.എം. ജിതിൻ, ആലപ്പുഴ എസ്.ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകൻ ഡോ. റെജി യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ആഭ്യന്തര വകുപ്പിൽ മികച്ച പേരുള്ള ഡോ. ബാലകൃഷ്ണൻ പ്രമുഖ കഥകളി ആചാര്യനായിരുന്ന നാട്യരത്നം കണ്ണൻ പാട്ടാളിയുടെ മകനാണ്. പിതാവിൽ നിന്ന് പകർന്നുകിട്ടിയ കഥകളിയോട് വലിയ ഇഷ്ടം സൂക്ഷിക്കുന്നുണ്ട് ഇദ്ദേഹം. പിതാവിന്റെ പേരിലുള്ള കഥകളി ട്രസ്റ്റ് മകന്റെ നേതൃത്വത്തിൽ കഥകളിയുടെ പ്രചാരത്തിനായി ഒട്ടനവധി പരിപാടികൾ നടത്തി വരുന്നുണ്ട്. കഴിഞ്ഞ വർഷം കാസർകോട് കേന്ദ്ര സർവകലാശാലയിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊട്ടൻ തെയ്യത്തിന്റെ ഇതിവൃത്തം ആധാരമാക്കി നടത്തിയ കഥകളി കൂട്ടത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കൃഷിയോടുള്ള അടുപ്പവും ഇദ്ദേഹത്തെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് വേറിട്ടുനിർത്തുന്ന പ്രത്യേകതയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!