‘മുറ്റത്തൊരു മീൻതോട്ടം’ അടുത്തമാസം മുതൽ
        കണ്ണൂർ: സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന ‘മുറ്റത്തൊരു മീൻതോട്ടം’ പദ്ധതി അടുത്തമാസം മുതൽ. ഭക്ഷണാവശ്യത്തിനുള്ള മത്സ്യം വീട്ടിൽത്തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ അപേക്ഷകൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിച്ചുതുടങ്ങി.
അരസെന്റ് സ്ഥലമുള്ളവർക്ക് സ്വന്തമായി മത്സ്യകൃഷിയാരംഭിക്കാം. 20,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ചുലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് സബ്സിഡി ലഭിക്കും. പട്ടികവർഗവിഭാഗത്തിലുള്ളവർക്ക് മുഴുവൻ തുകയും പട്ടികജാതിയിൽപ്പെട്ടവർക്ക് 75 ശതമാനവും മറ്റുള്ളവർക്ക് എണ്ണായിരം രൂപയും സബ്സിഡിയായി ലഭിക്കും.
ഗുണഭോക്താക്കൾക്ക് മീൻകുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകും. കരിമീൻ, തിലാപ്പിയ, ആസാംവാള, വരാൽ എന്നീ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുക. കൃഷിക്കാരുടെ താത്‌പര്യപ്രകാരമാണ് മീൻ ഇനങ്ങളെ നിശ്ചയിക്കുകയെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ.ഷൈനി പറഞ്ഞു.
ഒന്നര മീറ്റർ ആഴവും 20 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള ടാർപോളിൻ ടാങ്കിലാണ് മത്സ്യങ്ങളെ വളർത്തുക. കരിമീൻ 10-12 മാസം കൊണ്ടും വാരാൽ എട്ട്-പത്ത് മാസം കൊണ്ടും തിലാപ്പിയ, ആസാം വാള എന്നിവ ആറുമാസം കൊണ്ടും വളർച്ചയെത്തും. വിറ്റഴിക്കാൻ കഴിയാത്തതാണ് വാണിജ്യാടിസ്ഥാനത്തിലുള്ള മീൻവളർത്തൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് കൃഷിക്കാർ ചൂണ്ടിക്കാട്ടുന്നു.
