കുടിക്കാം കണ്ണൂർ സർവകലാശാലയുടെ ‘യൂണികോഫി’

കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ ‘യൂണികോഫി’ വിപണയിൽ. സർവകലാശാല ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്ററാണ് കാപ്പിപ്പൊടി പുറത്തിറക്കുന്നത്.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ കർഷകരിൽനിന്ന് സംഭരിച്ച ഗുണമേന്മയുള്ള കാപ്പിക്കുരുവിൽനിന്ന് നിർമിക്കുന്ന ‘യൂണികോഫി’ എം.ബി.എ. വിദ്യാർഥികളാണ് വിപണിയിൽ എത്തിക്കുന്നത്.
വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ‘യൂണികോഫി’ ബ്രാൻഡിലുള്ള കോഫി ഷോപ്പ് വിദ്യാർഥികൾക്ക് തുടങ്ങാൻ താത്‌പര്യമുണ്ടെകിൽ ജില്ലാ പഞ്ചായത്ത് എല്ലാ സഹായവും നൽകുമെന്ന് അവർ ഉറപ്പുനൽകി.
സെനറ്റ് അംഗം പി.ജെ. സാജു ആദ്യ കിറ്റ് സ്വീകരിച്ചു. ഫിനാൻസ് ഓഫീസർ പി. ശിവപ്പു, പരീക്ഷാ കൺട്രോളർ ബി.സി. ജയരാജൻ, യൂണിവേഴ്‌സിറ്റി ഓൺട്രപ്രനേർഷിപ്പ് കോ-ഓർഡിനേറ്റർ പ്രൊഫ. യു. ഫൈസൽ, മുനീർ എന്നിവർ സംസാരിച്ചു. കാപ്പിപ്പൊടിയുടെ ഉദ്ഘാടനം മേയ് 18-ന് മന്ത്രി എം.വി. ഗോവിന്ദൻ നടത്തിയിരുന്നു.