പതിനഞ്ചോളം പേർ നോക്കി നിൽക്കെ യുവാവിനെ മർദ്ദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ
പാലക്കാട്: ഒലവക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ സംഘംചേർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊല്ലങ്കോട് മയിലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടിൽ മനീഷ് (23), പല്ലശ്ശന പൂത്തോടുതറ സൂര്യ (20) എന്നിവരെയാണ് ഡിവൈ.എസ്.പി. പി.സി. ഹരിദാസന്റെ നേതൃത്വത്തിൽ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. മലമ്പുഴ കടുക്കാംകുന്നം കണ്ണയംകാവ് ഫർസാന മൻസിലിൽ മുസ്തഫയുടെ മകൻ റഫീഖാണ് (27) കൊല്ലപ്പെട്ടത്.
ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് റഫീക്കിനെ മർദിച്ചത്. തലയ്ക്കും താടിയെല്ലിനും സാരമായി പരിക്കേറ്റ് അവശനിലയിലായ റഫീക്കിനെ വിവരമറിഞ്ഞെത്തിയ നോർത്ത് പോലീസിന്റെ നേതൃത്വത്തിലാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഡോക്ടർമാർ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. യുവാവിനെ മർദിച്ചതായി ആരോപിക്കപ്പെട്ട മൂന്നുപേരെ സംഭവസ്ഥലത്തുനിന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ മർദിച്ച് അവശനിലയിലാക്കിയശേഷം രക്ഷപ്പെടാൻശ്രമിച്ച ഇവരെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിന് കൈമാറുകയായിരുന്നു.
തലയുടെ വലതുഭാഗത്തേറ്റ സാരമായ പരിക്കും താടിയെല്ല് തകർന്നതുമാണ് യുവാവിന്റെ മരണകാരണമെന്ന് വെള്ളിയാഴ്ചരാവിലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം മുറിവുകളും ചതവുകളുമാണ് ശരീരത്തിലുണ്ടായിരുന്നത്. നട്ടെല്ലിനും സാരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് രാസപരിശോധനാവിഭാഗവും എ.എസ്.പി. ബിജുഭാസ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘവും സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. റഫീഖിന്റെ മാതാവ്: നൂർജഹാൻ. സഹോദരങ്ങൾ: ഷഫീഖ്, തൗഫീഖ്. ഫർസാന.
മുണ്ടൂർ കുമ്മാട്ടിയുത്സവം കാണാനെത്തിയ മൂന്നംഗസംഘം അടുത്തുള്ള ബാറിൽ മദ്യപിക്കാൻ കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോലീസിന്റെ വിശദീകരണം ഇങ്ങനെ: വ്യാഴാഴ്ചരാത്രി 10.15-ഓടെ ബാറിൽ കയറിയസംഘം 11.15-ഓടെ പുറത്തിറങ്ങിനോക്കുമ്പോൾ അവരുടെ ബൈക്ക് കാണാനില്ല. ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു.
ബൈക്ക് മോഷ്ടാവിനായുള്ള തിരച്ചിലിനിടെയാണ് റഫീഖ് ഇവരുടെ മുന്നിൽപ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേതരം വസ്ത്രങ്ങളാണ് റഫീഖ് ധരിച്ചിരുന്നത്. റഫീക്കിനോട് ബൈക്കിനെക്കുറിച്ച് മൂവർസംഘം ചോദിച്ചെങ്കിലും മോഷ്ടിച്ചിട്ടില്ലെന്നായിരുന്നു മറുപടി. റെയിൽവേസ്റ്റേഷനുസമീപത്തേക്ക് റഫീഖുമായി സംഘം എത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. തുടർന്നായിരുന്നു മർദനം. മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി റഫീഖിനെ മർദിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോൾ യുവാവിന് ചെറിയ ഞരക്കം മാത്രമാണുണ്ടായിരുന്നത്. കൂടിനിന്നവരും പോലീസുദ്യോഗസ്ഥരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അറസ്റ്റിലായ മൂവർസംഘം റഫീക്കിനെ കൂട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. റഫീഖ് നാല് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതിൽ കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട രണ്ട് കേസുകളും വാഹനമോഷണക്കേസും ഉൾപ്പെടുന്നുണ്ട്.
അറസ്റ്റിലായവരിൽനിന്ന് മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തല ശക്തമായി ഭിത്തിയിലിടിച്ചതാവാം തലയോട്ടിക്കുണ്ടായ ക്ഷതത്തിനുകാരണം. ഇഷ്ടികപോലുള്ള സാധനങ്ങൾ കൊണ്ടും ആക്രമിച്ചിരിക്കാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ മനീഷ് ആർമി റിക്രൂട്ട്മെന്റ് കാത്തിരിക്കുന്ന ആളാണ്. സൂര്യ സ്വകാര്യസ്ഥാപനത്തിൽ ഡിപ്ലോമാ വിദ്യാർഥിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. സുജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. റഫീഖ് മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട ബൈക്ക് മറ്റൊരിടത്തുനിന്ന് കണ്ടെത്തിയതായും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
