വിഡ്ഡിദിനത്തിൽ സ്കൂൾ ഡ്രൈവറുടെ പണി; ഇല്ലാത്ത കാറ്റിൽ പാറാത്ത ഓട് വീണ് പ്രിൻസിപ്പലിന് ‘പരിക്ക്’

പെരിയ: ഇല്ലാത്ത കാറ്റ് വിഡ്ഢിദിനത്തില്‍ വീശിയടിച്ചു. സ്കൂളിന്റെ പാറാത്ത ഓട് ‘തലയിൽവീണ്’ ബഡ്സ് സ്കൂൾ പ്രിൻസിപ്പലിന് ‘പരിക്കേറ്റു’. പെരിയ മഹാത്മാ ബഡ്സ് സ്കൂൾ പ്രിൻസിപ്പലാണ് സ്കൂൾ വാഹനത്തിന്റെ ഡ്രൈവർ തൊടുത്തുവിട്ട ‘തമാശക്കാറ്റി’ൽ തലചുറ്റിപ്പറന്നത്.
‘കില’യുടെ പരിശീലനത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിലായിരുന്നു വെള്ളിയാഴ്ച പ്രിൻസിപ്പൽ. രാവിലെ ഏഴുമണിയോടെ സ്കൂൾ മദർ പി.ടി.എ. പ്രസിഡന്റിന്റെ പരിഭ്രമം കലർന്ന വിളി പ്രിൻസിപ്പലിന്റെ മൊബൈലിലെത്തി. ‘ഇന്ന് പുലർച്ചെ വീശിയ കാറ്റിൽ ബഡ്സ് സ്കൂൾ കെട്ടിടത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. മുൻഭാഗത്തെ ഓട് മുഴുവൻ പാറിയിട്ടുണ്ട്. സ്കൂളിലെ ഡ്രൈവർ വിളിച്ചുപറഞ്ഞതാണ്’-മദർ പി.ടി.എ. പ്രസിഡന്റ് സങ്കടം പ്രിൻസിപ്പലിനെ അറിയിച്ചു.
കണ്ണും കൈയും എത്താദൂരത്തിരിക്കുമ്പോൾ തന്നെത്തേടിയെത്തിയ സങ്കടക്കാറ്റിന്റെ കാര്യം പ്രിൻസിപ്പൽ സ്കൂളിന്റെ സമീപവാസികളെയെല്ലാം വിളിച്ചുപറഞ്ഞു. ആവശ്യമായ ഇടപെടൽ നടത്താനും അഭ്യർഥിച്ചു. സ്കൂളിന്റെ കാവൽജോലിക്കാരൻ ഹാജരില്ലായിരുന്നു. അതിനാൽ ആവഴിക്കും പ്രിൻസിപ്പലിന് ശരിയായ കാര്യം ലഭിച്ചില്ല. വിവരമറിഞ്ഞ് സമീപവാസികളും പൊതുപ്രവർത്തകരും എത്തിയപ്പോൾ ബഡ്സ് സ്കൂൾ വളപ്പിൽ ഒരു ഇലപോലും അനങ്ങിയിട്ടില്ലെന്ന് കണ്ട് അമ്പരന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദനും അന്വേഷിച്ച് സ്ഥലത്തെത്തി. സ്കൂളിലെ കാവൽ ജോലിക്കാരൻ സ്ഥലത്തില്ലാത്തത് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.