കാർഡുണ്ട്, ചികിത്സയില്ല; ആയുഷ്മാൻ വയോവന്ദനയിൽ പ്രതീക്ഷയറ്റ് വയോജനങ്ങൾ, പരാതി വ്യാപകം

Share our post

പെരിയ: ആയുഷ്‌മാൻ വയോവന്ദന പദ്ധതിയിൽ പ്രതീക്ഷയറ്റ് വയോജനങ്ങൾ. എഴുപത് വയസ്സ് കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പി.എം.ജെ.എ.വൈ. പദ്ധതിയിൽ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി വ്യാപകമാണ്. അക്ഷയകേന്ദ്രങ്ങളിലും കോമൺ സർവീസ് സെന്ററുകളിലും ദിവസങ്ങളോളം കയറിയിറങ്ങി ആയുഷ്‌മാൻ കാർഡ് സ്വന്തമാക്കിയ വയോജനങ്ങൾ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലെത്തുമ്പോൾ നിരാശരാകുകയാണ്.

ജില്ലയിൽ 2.46 ലക്ഷം ഗുണഭോക്താക്കൾ ഉണ്ട്. പദ്ധതിപ്രകാരമുള്ള ചികിത്സ നിലവിൽ ലഭ്യമല്ലെന്ന മറുപടിയാണ് പലർക്കും ആശുപത്രികളിൽനിന്ന് ലഭിക്കുന്നത്. പദ്ധതിയുടെ ചെലവിൽ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനസർക്കാരുമാണ് വഹിക്കേണ്ടത്. എന്നാൽ സംസ്ഥാനസർക്കാർ വിഹിതം അനുവദിക്കുന്നതിൽ വീഴ്‌ച വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയരുന്ന ആരോപണം.

സംസ്ഥാനവിഹിതം മുടങ്ങിയതോടെ പദ്ധതിപ്രകാരം ചികിത്സ നൽകിയ സ്വകാര്യ ആശുപത്രികൾക്ക് കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക ലഭിക്കാനുണ്ടെന്നാണ് പറയുന്നത്. ഇതോടെ പദ്ധതിവഴിയുള്ള സൗജന്യചികിത്സ നിർത്തിവെക്കാൻ ആശുപത്രികൾ നിർബന്ധിതരായതായും പരാതിയുണ്ട്. അയൽസംസ്ഥാനമായ കർണാടകയിൽ പദ്ധതി സുഗമമായി നടപ്പാക്കുന്നുണ്ടെന്നാണ് വിവരം.

പദ്ധതിയുടെ നടത്തിപ്പിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിച്ച് അർഹരായ വയോജനങ്ങൾക്ക് തടസ്സമില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന ശേഷം കുടിശ്ശിക തീർക്കാനുള്ള നടപടികൾ തുടങ്ങിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കേരളത്തിൽ 42 ലക്ഷം കുടുംബങ്ങൾ

കേരളത്തിൽ 42 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ പരിധിയിലുള്ളത്. ചികിത്സച്ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ വഹിക്കുമ്പോൾ 22 ലക്ഷം കുടുംബങ്ങളുടെ ചികിത്സച്ചെലവ് കേന്ദ്രവും ബാക്കി 20 ലക്ഷം കുടുംബങ്ങളുടെ ചെലവ് സംസ്ഥാനസർക്കാരും നൽകണം. കേന്ദ്രസർക്കാർ 2018-ലെ പ്രീമിയം നിരക്കിന്റെ അടിസ്ഥാനത്തിലാണ് വിഹിതം അനുവദിക്കുന്നത്. ജില്ലയിൽ 23 ആശുപത്രികളിലാണ് പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്. സാധാരണമായി 24 മണിക്കൂർ ആശുപത്രി പ്രവേശനം ആവശ്യമായ ചികിത്സകൾക്കാണ് പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നത്. എന്നാൽ തിമിരശസ്ത്രക്രിയ, കീമോതെറാപ്പി, ഡയാലിസിസ് തുടങ്ങിയവയ്ക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്.

ചികിത്സ നിഷേധിച്ചാൽ പരാതി നൽകാം

ചികിത്സ നിഷേധിക്കുകയോ അനധികൃതമായി പണം ഈടാക്കുകയോ ചെയ്‌താൽ ഗുണഭോക്്താക്കൾക്ക് പരാതി നൽകാം. സി.ജി.ആർ.എം.എസ്. പോർട്ടൽ വഴിയും ജില്ലാ പ്രോജക്‌ട്‌ കോഡിനേറ്റർ മുഖേനയും പരാതി അറിയിക്കാം. 1056 ദിശ ഹെൽപ്‌ലൈൻ വഴിയും പരാതി നൽകാനാകും. പദ്ധതി നടത്തിപ്പിലെ തടസ്സങ്ങൾ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!