ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ മുഖ്യപ്രതിയുടെ അറസ്റ്റ്‌ തുമ്പായത് ഓറഞ്ച് ടീ-ഷർട്ടിനോടുള്ള അബ്ബാസിന്റെ ഇഷ്‌ടം

Share our post

കണ്ണൂർ: ഓറഞ്ച് നിറത്തിലുള്ള ടീ-ഷർട്ടിൽ കൊമ്പുകളുള്ള കറുത്ത മനുഷ്യരൂപം എറ്റവും ഇഷ്ടം. വർഷങ്ങളായി ഉപയോഗിക്കുന്ന ഈ ഡിസൈനിലുള്ള വസ്ത്രം ഒടുവിൽ പ്രതിക്ക് കുരുക്കാകുകയും ചെയ്തു. ഇരിക്കൂർ സിദ്ദിഖ് നഗറിലെ മെരടൻ കുഞ്ഞാമിന വധക്കേസിൽ ഒരു പതിറ്റാണ്ടായി ഒളിവുജീവതം നയിക്കുന്ന അബ്ബാസലിയെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ സഹായിച്ചത് ഈ ടീ-ഷർട്ടിനോടുള്ള ഇഷ്ടം.

പ്രതി ‍ഡൽഹിയിലുണ്ടെന്ന നിഗമനത്തെത്തുടർന്ന് പോലീസ് സംഘം 10 ദിവസം മുൻപാണ് യാത്രതിരിച്ചത്. ഉൾപ്രദേശങ്ങൾ ഉൾപ്പെടെ അരിച്ചുപെറുക്കിയെങ്കിലും വിവരം ലഭിച്ചില്ല. ഓരോ ദിവസം കഴിയുമ്പോഴും പ്രതീക്ഷ കുറഞ്ഞുവന്നു. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രേംനഗറിലൂടെ കാറിൽ യാത്രചെയ്യുമ്പോൾ പോലീസ് സംഘത്തിന്റെ കൈയിലുണ്ടായിരുന്ന ഫോട്ടോയിലുള്ള അതേ ഓറഞ്ച് നിറമുള്ള ടീ-ഷർട്ട് ധരിച്ച ഒരാൾ യുവതിയോടൊപ്പം നടന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. കാർ നിർത്തിയതോടെ പോലീസിനെ തിരിച്ചറിഞ്ഞ പ്രതി ഓടിരക്ഷപ്പെട്ടു. പോലീസ് പിറകെ ഓടിയെങ്കിലും നിരവധി വീടുകളുള്ള കോളനിപോലുള്ള കേന്ദ്രമായതിനാൽ കണ്ടെത്താനായില്ല. പിന്നീട് ഓരോ വീടും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് വാടകവീട്ടിൽനിന്ന് അബ്ബാസലിയെ അറസ്റ്റു ചെയ്തത്.

50-ലധികം ഫോണുകൾ, സംസ്ഥാനങ്ങൾ മാറിയുള്ള ജീവിതം

പതിറ്റാണ്ടുകളായി ഒളിവുജീവിതം നയിക്കുന്ന അബ്ബാസലി ഉപയോഗിച്ചത് 50-ലധികം മൊബൈൽ ഫോണുകൾ. പോലീസിന് ലൊക്കേഷൻ മനസ്സിലാകാതിരിക്കാൻ വിലകുറഞ്ഞ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. അതത് സ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപേക്ഷിക്കാറാണ് പതിവ്. പോലീസിന് പ്രതിയുടെ ലൊക്കേഷൻ മനസ്സിലാക്കാൻ‌ ഇതുകാരണം സാധിച്ചില്ല.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വ്യത്യസ്ത മേൽവിലാസത്തിലാണ് താമസിച്ചത്. ഓൺലൈൻ തട്ടിപ്പ്, മോഷണം എന്നിവയിലൂടെ നേടിയ പണം അത്യാഡംബരങ്ങൾക്കാണ് ഉപയോഗിച്ചത്. ഫ്ലാറ്റുകൾ, വലിയ വാടകവീടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് താമസം. ഇരിക്കൂറിൽ കുഞ്ഞാമിനയുടെ ആഭരണങ്ങൾ മുംബൈയിലാണ് വിറ്റതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ബുദ്ധികേന്ദ്രം അമ്മ, കൊലയാളി മകൻ

അമ്മയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ബുദ്ധികേന്ദ്രം അമ്മ പർവീൺ ബാനുവാണ്. അബ്ബാസലിയാണ് കുഞ്ഞാമിനയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇംഗ്ലീഷ്, മലയാളം, തെലുങ്കു, കന്നഡ, തമിഴ്, ഗുജറാത്തി, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾ പ്രതി സംസാരിക്കും.

കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ താമസിച്ചിട്ടുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും മാറിത്താമസിച്ചു. പല സ്ഥലങ്ങളിലും വ്യാജ പേരിലാണ് അറിയപ്പെട്ടിരുന്നത്.

പ്രേരണയും അമ്മ

പോലീസ് പിടികൂടുമ്പോഴും ചോദ്യംചെയ്യലിലും പ്രതികൾക്ക് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ പ്രതിക്ക് അറിയുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ സംസാരിക്കുന്ന കാര്യങ്ങളിൽ പോലും ഇടപെടുന്നു. അമ്മയാണ് എന്നെ ഇത്തരത്തിലാക്കിയതെന്ന് ചോദ്യം ചെയ്യലിൽ അബ്ബാസലി പറഞ്ഞു.

60 വയസ്സുള്ള സ്ത്രീയെ കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം ക്രൈംബ്രാഞ്ച് സംഘത്തിന്റെ മുന്നിൽ വിവരിക്കുമ്പോഴും കുറ്റബോധത്തിന്റെ കണികപോലും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുഞ്ഞാമിന കേസിൽ അബ്ബാസലിയുടെ അമ്മയ്ക്കും സഹോദരിക്കും ജാമ്യം ലഭിച്ചതിനെത്തുടർന്ന് കർശന വ്യവസ്ഥയോടെ തലശ്ശേരിയിൽ കഴിയുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!