സാമ്പത്തിക തട്ടിപ്പ് കേസ്: തിരുവനന്തപുരം ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോക്ടറുടെ പക്കൽ നിന്നും 10 ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഹൈൽ തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്. ഇൻഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ ‘ചങ്ങാതിക്കൂട്ടം’ എന്ന സോഷ്യൽ മീഡിയ പേജിൽ സുഹൈൽ ഷാജഹാൻ നേരത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ നീക്കം ചെയ്യുന്നതിന് പത്ത് ലക്ഷം രൂപ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
സ്ഥാപന ഉടമ വഴങ്ങാത്തതിനെ തുടർന്ന് മാധ്യമങ്ങളിൽ വാർത്ത നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ ആശുപത്രി ഉടമ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസിൻ്റെ നിർദേശപ്രകാരം പണം നൽകാമെന്നും ആശുപത്രിയിലേക്ക് വരാനും സുഹൈൽ ഷാജഹാനോട് ഉടമ ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്ന് രാവിലെ 11 മണിയോടെ ആശുപത്രിയിൽ എത്തിയപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയാണ് സുഹൈല്‍ ഷാജഹാന്. തുടർന്ന് വിദേശത്തേക്ക് കടന്ന ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി കേരളത്തിൽ എത്തിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് പുതിയ തട്ടിപ്പ് കേസിലും പ്രതിയായിരിക്കുന്നത്.
