കുതിച്ചുയര്‍ന്ന് വിലക്കയറ്റം; തുടർച്ചയായ മൂന്നാം മാസവും മൊത്ത വിലക്കയറ്റം വർധിച്ചു
ന്യൂഡൽഹി:ഇന്ധന, വൈദ്യുതി വിലകൾ കുതിച്ചുയർന്നതോടെ രാജ്യത്തെ മൊത്തവിലക്കയറ്റം (ഡബ്ലിയുപിഐ) ഒക്ടോബറിൽ 12.29 ശതമാനമായി ഉയർന്നു. സെപ്‌തംബറിൽ ഇത് 11. 39 ശതമാനമായിരുന്നു. 2022–2023 അടിസ്ഥാനവർഷമാക്കിയ പുതിയ മൊത്തവില സൂചിക പരന്പരയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്കാണിത്. തുടർച്ചയായ മൂന്നാം മാസവും മൊത്തവിലക്കയറ്റം കുതിച്ചുയരുന്ന പ്രവണത തുടരുകയാണ്. ആഗസ്‌തിൽ 9.92 ശതമാനവും സെപ്‌തംബറിൽ 11.39 ശതമാനവുമായിരുന്നു മൊത്ത വിലക്കയറ്റം. നടപ്പു സാന്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ മൊത്ത വിലക്കയറ്റ ശരാശരി 10.14 ശതമാനമാണ്.
ക്രൂഡോയിൽ, പ്രകൃതിവാതകം, വൈദ്യുതി, ധാതുഎണ്ണകൾ തുടങ്ങിയവയുടെ വിലക്കയറ്റമാണ് പ്രധാനമായും മൊത്തവില സൂചിക ഉയർത്തിയത്. ഇന്ധന–വൈദ്യുതി വിഭാഗത്തിലാണ് ഏറ്റവും വലിയ വർധന. സെപ്‌തംബറിലെ 25.85 ശതമാനത്തിൽ നിന്നും ഒക്ടോബറിൽ 32.84 ശതമാനമായി. ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുടെ വിലക്കയറ്റം 57.3 ശതമാനത്തിൽ നിന്നും 70.8 ശതമാനത്തിലെത്തി. ധാതുഎണ്ണകളുടെ വിലക്കയറ്റം 40.02 ശതമാനത്തിൽ നിന്നും 45.57 ശതമാനമായി. വൈദ്യുതി വിലക്കയറ്റം സെപ്‌തംബറിലെ 0.43 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 8.06 ശതമാനമായി ഉയർന്നു. പ്രാഥമിക ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 8.67 ശതമാനത്തിൽ നിന്നും 9.24 ശതമാനമായി.
മൊത്തവില സൂചികയിലെ ഭക്ഷ്യ വിലക്കയറ്റത്തിൽ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടെങ്കിലും 8.58 ശതമാനമെന്ന ഉയർന്ന അവസ്ഥയിൽ തുടരുന്നു. ഭക്ഷ്യവസ്‌തുക്കളുടെയും സംസ്‌കരിച്ച ഭക്ഷ്യോൽപ്പന്നങ്ങളുടെയും വിലയിലുണ്ടായ വർധന തുടരുന്നുവെന്ന് ഇൗ കണക്ക് വ്യക്തമാക്കുന്നു. ഇന്ധന, വൈദ്യുതി വില ഉയരുന്നത് ഗതാഗതം, കൃഷി, വ്യവസായം, നിർമാണം തുടങ്ങി മേഖലകളിലെ ചെലവുകൾ കാര്യമായി ഉയർത്തും. അസംസ്‌കൃത വസ്‌തുക്കളുടെ വിലയും വൈദ്യുതി നിരക്കും ഉയർന്നാൽ ഉൽപ്പാദനച്ചെലവ് വർധിക്കുകയും ലാഭവിഹിതം കുറയുകയും ചെയ്യും. അധികച്ചെലവ് ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്നതിനാൽ സാധാരണക്കാർ വിലക്കയറ്റത്തിന്റെ ഭാരം അനുഭവിക്കേണ്ടി വരും. ചില്ലറ വിലക്കയറ്റം ഇതിനോടകം റിസർവ് ബാങ്കിന്റെ സഹിഷ്‌ണുതാപരിധിയായ ആറ് ശതമാനം കടന്നിട്ടുണ്ട്. ഒക്ടോബറിൽ ഉപഭോക്‌തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 6.09 ശതമാനമായിരുന്നു.
