ട്രെയിനിലെ സീറ്റുകൾക്ക് നീല നിറം നൽകുന്നത് എന്തുകൊണ്ട്? വെറുമൊരു നിറമല്ല, ഇതിനു പിന്നിലുണ്ട് ചില കാരണങ്ങൾ
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും, മിക്ക കോച്ചുകളിലെയും സീറ്റുകൾക്കും ബെർത്തുകൾക്കും നീല നിറമാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ റെയിൽവേ നീല നിറത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്? മിക്ക ട്രെയിനുകളിലും ഒരുപോലെ നിറം നൽകിയതിന് പിന്നിൽ സവിശേഷമായ കാരണം വല്ലതുമുണ്ടാകുമോ? വെറുമൊരു നിറം തിരഞ്ഞെടുക്കലിന് അപ്പുറം ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്നതാണ് യാഥാർത്ഥ്യം. യാത്രക്കാരുടെ സൗകര്യം മുതൽ സീറ്റുകളുടെ പരിപാലനം വരെ നീളുന്ന കാര്യങ്ങളാണ് ഇതിന് പിന്നിലുള്ളത്.
ഇന്ത്യൻ റെയിൽവേയുടെ പരമ്പരാഗത ഐസിഎഫ് കോച്ചുകളിലാണ് നീല നിറത്തിലുള്ള സീറ്റുകൾ കൂടുതലായി കണ്ടുവരാറുള്ളത്. ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് ശാന്തമായ അന്തരീക്ഷം ഒരുക്കുന്നതിൽ നീല നിറത്തിനും പങ്കുണ്ടെന്നാണ് വിലയിരുത്തൽ. പൊതുവെ ശാന്തതയുമായി ബന്ധപ്പെടുത്തുന്ന നിറമാണ് നീല. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കാത്ത രീതിയിലുള്ള ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായും ഈ നിറം പരിഗണിക്കപ്പെടുന്നുവെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സീറ്റുകളുടെ നിറം തിരഞ്ഞെടുക്കുന്നതിൽ പ്രായോഗികമായ, അധികമാരും ശ്രദ്ധിക്കാത്ത ചില വശങ്ങളുമുണ്ട്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതിനാൽ ട്രെയിനുകളിലെ സീറ്റുകൾ പെട്ടെന്ന് അഴുക്കാകാനും കറകൾ വീഴാനും സാധ്യതയുണ്ട്. ഇളം നിറങ്ങളിലുള്ള തുണികളിൽ ചെറിയ കറകൾ പോലും പെട്ടെന്ന് ശ്രദ്ധയിൽപ്പെടാറില്ലേ? അതുപോലെ. എന്നാൽ, കടുംനീല നിറത്തിൽ ഇത്തരം കറകൾ അത്ര പെട്ടെന്ന് പ്രകടമാകില്ല. സീറ്റുകളുടെ പുറംഭംഗി നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യും.
ദീർഘദൂര യാത്രകളിൽ സീറ്റുകളുടെ സൗകര്യത്തിനൊപ്പം അവയുടെ ഈടും പ്രധാനമാണ്. നിരന്തരമായ ഉപയോഗവും യാത്രക്കാരുടെ ചലനങ്ങളും സീറ്റുകളുടെ തേയ്മാനത്തിന് കാരണമാകാറുണ്ട്. അതിനാൽ സീറ്റുകൾ നിർമിക്കുമ്പോൾ തുണിയുടെ ഗുണനിലവാരം, ഈട്, പരിപാലനച്ചെലവ് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കാറുണ്ട്. നിറം തിരഞ്ഞെടുക്കുന്നതും ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇങ്ങനെയാണെങ്കിലും, ഇന്ത്യൻ റെയിൽവേയിലെ എല്ലാ ട്രെയിനുകളിലും നീല സീറ്റുകളല്ല ഉള്ളത്. പഴയ ഐസിഎഫ് കോച്ചുകളിലാണ് നീല നിറം കൂടുതലായി കാണപ്പെടുന്നത്. പുതിയ എൽഎച്ച്ബി കോച്ചുകളിലും വന്ദേഭാരത് പോലുള്ള പുത്തൻ മോഡൽ ട്രെയിനുകളിലും വ്യത്യസ്ത നിറങ്ങളിലുള്ള സീറ്റുകളും ഇന്റീരിയർ ഡിസൈനുകളുമാണ് ഉപയോഗിക്കുന്നത്. കോച്ചിന്റെ രൂപകൽപ്പനയും യാത്രാ ക്ലാസും അനുസരിച്ച് നിറങ്ങളിലും മാറ്റമുണ്ടായേക്കും.
