അനർഹമായി പിങ്ക്-മഞ്ഞ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടോ? പിഴ ഒഴിവാക്കാൻ ഡിസംബർ എട്ട് വരെ അവസരം
തിരുവനന്തപുരം: അർഹതയില്ലാതെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട (മഞ്ഞ, പിങ്ക്) റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് അവ തിരികെ നൽകി പൊതുവിഭാഗത്തിലേക്ക് മാറാൻ ഡിസംബർ എട്ടുവരെ സാവകാശം. നിശ്ചിത സമയപരിധിക്കുള്ളിൽ സ്വമേധയാ കാർഡുകൾ ഹാജരാക്കുന്നവർക്കെതിരെ പിഴയോ മറ്റ് നിയമനടപടികളോ സ്വീകരിക്കില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കി.
സാമ്പത്തിക നില മെച്ചപ്പെടുകയും ജീവിതസാഹചര്യങ്ങൾ മാറുകയും ചെയ്തിട്ടും മുൻഗണനാ കാർഡുകൾ തിരികെ നൽകാതെ ഉപയോഗിക്കുന്നവരെയാണ് പ്രധാനമായും നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവർ കാർഡുകൾ സറണ്ടർ ചെയ്യാൻ ബാധ്യസ്ഥരാണ്.
എന്നാൽ, ഡിസംബർ എട്ടിന് ശേഷം വകുപ്പ് നടത്തുന്ന കർശന പരിശോധനകളിൽ അനർഹമായി കാർഡ് കൈവശം വെച്ചതായി കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും. ഇത്തരക്കാരിൽ നിന്ന് ഇതുവരെ വാങ്ങിയ റേഷൻ സാധനങ്ങളുടെ പൊതുവിപണിയിലെ വില (കമ്പോളവില) പിഴയായി ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടാതെ, പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾ, ഒരേക്കറിൽ കൂടുതൽ ഭൂമി സ്വന്തമായുള്ളവർ, 1,000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, സ്വന്തമായി നാലുചക്ര വാഹനമുള്ളവർ എന്നിവർക്കും മുൻഗണനാ കാർഡിന് അർഹതയുണ്ടാകില്ല. കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് സ്വകാര്യ മേഖലയിലോ വിദേശത്തോ ജോലിയുണ്ടാകുകയും അവരുടെ മാസവരുമാനം 25,000 രൂപയിൽ കൂടുതലാകുകയും ചെയ്താലും ഈ ആനുകൂല്യം നഷ്ടമാകും.
അതേസമയം, പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. പാർട്ട് ടൈം-താൽക്കാലിക ജീവനക്കാർ, നാലാം ക്ലാസ് തസ്തികകളിൽ നിന്ന് വിരമിച്ചവർ, പ്രതിമാസം 5,000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ ലഭിക്കുന്നവർ എന്നിവർക്ക് കാർഡ് സറണ്ടർ ചെയ്യേണ്ടതില്ല. കൂടാതെ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള പട്ടികവർഗ വിഭാഗക്കാർക്കും, ഏക ഉപജീവനമാർഗമായി ടാക്സി സർവീസ് നടത്തുന്ന നാലുചക്ര വാഹന ഉടമകൾക്കും ഈ ഇളവ് ബാധകമാണ്.
