‘പൂട്ടിയിട്ട് കൂട്ടമായി ഉപദ്രവിച്ചു, വിട്ടയച്ചത് പൊലീസില്‍ പറയില്ലെന്ന് ഉറപ്പ് വാങ്ങി’; സ്പാ കേസിൽ അതിജീവിത
കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി അതിജീവിത. സ്പായില്‍ താന്‍ നേരിട്ടത് അതിക്രൂര പീഡനം ആണെന്നും ഭയന്നിട്ടാണ് പുറത്തുപറയാതിരുന്നതെന്നും യുവതി പറയുന്നു. സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടപ്പള്ളിയിലെ ലോഡ്ജില്‍ വിളിച്ചുവരുത്തിയായിരുന്നു യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കേസിലെ പ്രതികളായ ശ്രീരാജ്, ശരണ്യ എന്ന അമ്മു, സഞ്ജു, ചിത്തു എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്നും ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശ്രീരാജും ശരണ്യയുമാണെന്നും യുവതി വെളിപ്പെടുത്തി.
ലഹരി നല്കി അബോധാവസ്ഥയിലാക്കിയതിനുശേഷവും പീഡനം തുടര്‍ന്നു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചു. ലൈംഗിക ചൂഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഗുണ്ടാ സംഘങ്ങളുമായും മയക്കുമരുന്ന് സംഘങ്ങളുമായും പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു. മറ്റ് പെണ്‍കുട്ടികള്‍ക്കും ഇതുപോലെ ദുരനുഭവങ്ങള്‍ ഉണ്ട്. ഭയന്നിട്ടാണ് പുറത്ത് പറയാത്തത്. ജീവിതം അവസാനിപ്പിക്കണം എന്ന് കരുതിയതാണ്. ഭര്‍ത്താവ് നല്കിയ പിന്തുണയിലാണ് ജീവിക്കാന്‍ തീരുമാനിച്ചതെന്നും അതിജീവിത പറയുന്നു.
അതിജീവിത നടത്തിയ വെളിപ്പെടുത്തലിന്റെ പൂര്‍ണ്ണരൂപം-
‘ഒക്ടോബര്‍ ഒന്നാം തിയതിയാണ് OLX ല്‍ ഒരു ആഡ് കണ്ട് ഞാന്‍ മെസേജ് അയച്ചത്. ശ്രീരാജ് എന്നു പറയുന്ന ഒരാളായിരുന്നു. സ്പായുടെ മാനേജരായിട്ടുള്ള ജോലിയുടെയായിരുന്നു പരസ്യം. ആള് എന്നോട് വാട്സ്ആപ്പ് നമ്പര്‍ തന്നിട്ട് അതില്‍ മെസ്സേജ് അയക്കാന്‍ പറഞ്ഞു.ഇന്റര്‍വ്യൂവിന് വരാന്‍ പറഞ്ഞു. ഇടപ്പള്ളിയിലെ റോയല്‍ വേ സ്പാ ആയിരുന്നു. ഞാന്‍ രാവിലെ എത്തി. ഊബര്‍ വിളിച്ചാണ് ഞാന്‍ പോയത്. അവിടെ ചെന്നു കാര്യങ്ങളൊക്കെ സംസാരിച്ചു. ജോലിയെ കുറിച്ച് പറഞ്ഞു. ആളിന്റെ ഒപ്പം തന്നെ നില്‍ക്കണമെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞ് അമ്മു വന്നു. ഒരു മണിക്കൂറോളം ഇന്റര്‍വ്യൂ നീണ്ടു നിന്നു. അയാളുടെ ഗുണ്ടകളുമായുള്ള ബന്ധത്തെ കുറിച്ച് അപ്പോള്‍ തന്നെ പറഞ്ഞു. അതിന്റെ ഫോട്ടോ കാണിച്ചുതന്നു. പിന്നീട് ഞാന്‍ വീട്ടിലേക്ക് മടങ്ങി. വൈകിട്ട് ആറര ആയപ്പോ വിളിച്ചു. സ്റ്റാഫ് മീറ്റിംഗ് ഉണ്ടെന്നും ജീവനക്കാരെ പരിചയപ്പെടുത്താമെന്നും പറഞ്ഞു. ലൊക്കേഷന്‍ ഇട്ടു തന്നു. ഇടപ്പള്ളി തന്നെ ഒരു അപ്പാര്‍ട്ട്മെന്റ് ആയിരുന്നു. അവിടെ ചെന്നപ്പോള്‍ മുകളിലേക്ക് ചെല്ലാന്‍ പറഞ്ഞു. മറ്റു സ്റ്റാഫും വരുമെന്ന് പറഞ്ഞു. ശ്രീരാജിന്റെ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നു. ശ്രീരാഗ് സിഗരറ്റ് വലിച്ചു. സ്മോക്കിങ് താല്പര്യമില്ല, സ്മെല് പറ്റില്ലെന്ന് പറഞ്ഞു. പുറത്തുപോകാന്‍ നോക്കിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. മറ്റൊരു കവറില്‍ വെള്ളപ്പൊടി പോലെ ഉണ്ടായിരുന്നു. അപ്പോള്‍ ചെറിയ സംശയം തോന്നി. പോകാന്‍ തുടങ്ങിയപ്പോള്‍ മുടിയില്‍ പിടിച്ച് വലിച്ചു. മൂക്ക് പൊത്തി പിടിച്ചു. ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് കുഴല്‍പോലത്തെ സാധനത്തിനകത്തേക്ക് പൊടിയിച്ച് വായിലേക്ക് വെച്ചു. രണ്ടുതവണ അങ്ങനെ ചെയ്തു. ആള് എന്നെ വല്ലാതെ ഉപദ്രവിച്ചു. കവിളത്ത് അടിച്ചു. ബോധം കുറഞ്ഞുതുടങ്ങിയിരുന്നു.
ലഹരിയാണെന്ന് തോന്നുന്നു. കുറച്ച് ബോധത്തോടെ നോക്കിയപ്പോള്‍ മുടിയൊക്കെയുള്ള ഒരു ബോയ് വന്നു. അയാളും എന്നെ മുടിയില്‍ പിടിച്ചുവലിച്ച് ബലം പ്രയോഗിച്ച് ലഹരി നല്കി. പിന്നെയൊന്നും ഓര്‍മ്മയില്ല. കണ്ണ് തുറന്നുനോക്കിയപ്പോള്‍ എന്റെയടുത്ത് അമ്മു കിടക്കുന്നതാണ് കണ്ടത്. ഓടി ബാത്ത്റൂമിലേക്ക് പോയപ്പോള്‍ എന്റെ ചുണ്ടെല്ലാം മുറിഞ്ഞിരുന്നു. ചോര വന്നിരുന്നു. കവിള് നീര് വെച്ചിരുന്നു. ശരീരം മൊത്തമായി വേദനയായിരുന്നു. അപ്പോഴാണ് ആരൊക്കെയോ എനിക്ക് ചുറ്റിലും ഉള്ളതായി തോന്നിയത്. ആരൊക്കെയോ ഫോണ്‍ പിടിച്ചുവെയ്ക്കുന്ന പോലെയും ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോലെയും തോന്നിയിരുന്നു.
മുഖത്ത് നിരവധി തവണ അടിച്ചു. തടയാന്‍ വേണ്ടി അമ്മു കേറിവന്നു. പിന്നീട് എന്നെ മുറിയില്‍ പൂട്ടിയിട്ടു. അതിനിടെ ബാത്ത്റൂമിന്റെ ലൈറ്റ് പൊട്ടിച്ച് കൈമുറിക്കാന്‍ നോക്കി. ബാത്ത്റൂമിന്റെ കതക് തുറന്നെത്തിയ ശ്രീരാജ് എന്നെ ലൈംഗികമായി ഉപദ്രവിച്ചു. എത്രപേര്‍ ആണെന്ന് എനിക്ക് അറിയില്ല. നാല് പേര് എന്റെ അടുത്ത് ഉണ്ടായിരുന്നു. ശീരാജ്, ശരണ്യ എന്ന അമ്മു, സഞ്ജു, ചിത്തു എന്നിവരായിരുന്നു അത്. ശ്രീരാജും അമ്മുവുമാണ് എന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചതും ചൂഷണം ചെയ്തതും. പലതവണ രക്ഷപ്പെടാന്‍ നോക്കിയപ്പോഴൊക്കെയും എന്നെ ഉപദ്രവിച്ചു. അവിടെയുണ്ടായിരുന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കൈ മുറിക്കാന്‍ നോക്കി ഞാന്‍ ശ്രീരാജിനെ ഭീഷണിപ്പെടുത്തി. പൊലീസിനോട് പറയില്ലെങ്കില്‍ വെറുതെ വിടാം എന്നായിരുന്നു ശ്രീരാജ് പറഞ്ഞത്. നാളെ മുതല്‍ ജോലിക്ക് വരണമെന്നും പറഞ്ഞു. അതുകൊണ്ടാണ് വെറുതെവിട്ടത്. നടന്നാണ് വിട്ടിലേക്ക് പോയത്. മുഖം മറച്ചാണ് പോയത്.
വീട്ടിലെത്തിയപ്പോള്‍ മരിക്കണം എന്ന് കരുതി. ഇപ്പോഴും പേടിയാണ്. ഒറ്റയ്ക്ക് ഇരിക്കാനാകില്ല. അപ്പോള്‍ ഉപദ്രവിക്കുന്നതുപോലെ തോന്നും. ഭര്‍ത്താവ് ആണ് സംഭവം സുഹൃത്തിനെ വിളിച്ചുപറഞ്ഞത്. അദ്ദേഹം ഒരു അഭിഭാഷകനോടും അവരത് പൊലീസിനോടും പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ ആയിരുന്നു.
ഭര്‍ത്താവ് നല്കിയ പിന്തുണയിലാണ് ജീവിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനുശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്നു. താമസിച്ചിരുന്ന വാടക വീട് ഒഴിയേണ്ടിവന്നു. ഉടമ മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. പുതുതായി ആരും വീട് നല്‍കുന്നില്ല. ഭര്‍ത്താവിന്റെ ജോലി പ്രതിസന്ധിയിലായി. തനിക്ക് ആരും ജോലി നല്‍കുന്നില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. എന്റെ ഭാഗത്ത് തെറ്റില്ല. എനിക്ക് നീതി ലഭിക്കണം. ഇന്ന് ഞാന്‍ ആണെങ്കില്‍ നാളെ മറ്റാരെങ്കിലും ആയിരിക്കുമല്ലോ. ശിക്ഷിക്കപ്പെടേണ്ടവര്‍ ശിക്ഷിക്കപ്പെടണം!‘
