നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; പ്രവാസികളോടുള്ള വലിയ വഞ്ചന, ഒരുമിച്ച് എതിർക്കണം; ജോൺ ബ്രിട്ടാസ് എം.പി
തിരുവനന്തപുരം: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചത് കേരളത്തിനായി വലിയ സംഭാവനകൾ ചെയ്യുന്ന ഓരോ പ്രവാസിയോടുമുള്ള വഞ്ചനയാണെന്ന് സിപിഎം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് എം.പി. കേരളത്തിന്റെ സമ്പദ്ഘടനയിൽ മുപ്പത് ശതമാനത്തോളം സംഭാവന നൽകുന്നവരാണ് പ്രവാസികൾ. നിലവിൽ അവർക്ക് നൽകുന്ന ആനുകൂല്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് അവർക്കുവേണ്ടിയുള്ള ഇൻഷുറൻസിന്റെ പ്രീമിയം കുത്തനെ വർധിപ്പിച്ചത്. ഇപ്പോൾ സാധാരണ ഇൻഷുറൻസ് സ്കീമും പ്രവാസികൾക്കായുള്ള ഇൻഷുറൻസ് സ്കീമും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.
ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നോർക്ക ഇതുവരെ നടത്തിയിട്ടില്ല. ലോക കേരള സഭ പോലെ നൂതനമായ ആശയങ്ങൾ വേണ്ടെന്ന് യുഡിഎഫ് സർക്കാർ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം കേരളത്തിനായി വലിയ സംഭാവനകൾ ചെയ്യുന്ന ഓരോ പ്രവാസിയോടുമുള്ള വഞ്ചനയാണ്. രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് എതിർക്കണം. ഈ തീരുമാനം മാറ്റിക്കണം. പ്രവാസികൾക്ക് നൽകുന്ന ആനുകൂല്യങ്ങളും അവസരങ്ങളും വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.
