ജി.എൻ.എയ്ക്ക് ട്രേഡിങ് ലൈസൻസ് ഇല്ല; മുഖ്യമന്ത്രിയുടെ നീക്കം ദുരൂഹം
തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ കണക്കുകൾ നിരത്തിയും നടപടികൾ ലംഘിച്ചും വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി വി. ഡി സതീശൻ അനുമതി നൽകിയ ജി.എൻ.എ എനർജി പ്രൈവറ്റ് ലിമിറ്റഡിന് ട്രേഡിങ് ലൈസൻസ് ഇല്ല. കരാറുണ്ടാക്കാനോ ഏതെങ്കിലും ഉൽപാദകരെ പ്രതിനിധീകരിച്ച് വൈദ്യുതിവിതരണ കമ്പനിയുമായി ബന്ധപ്പെട്ട് വൈദ്യുതി വാഗ്ദാനം ചെയ്യാനോ അധികാരം നൽകുന്നതാണ് ലൈസൻസ്. മുൻപ് ടെൻഡറുകളിലും ജിഎൻഎ പങ്കെടുത്തിട്ടില്ല. ഇൗ കമ്പനിയുമായാണ് റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ ഇടപാടിന് താൻ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി പറയുന്നത്.
ജി.എൻ.എ വൈദ്യുതി ഉൽപ്പാദന കമ്പനിയല്ല. വൈദ്യുതി വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും അതിനുള്ള അവസരമൊരുക്കാൻ മാത്രമുള്ള ഒടിസി (Over The Counter) ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. അങ്ങനെയിരിക്കെ നിശ്ചിത അളവ് വൈദ്യുതി നിശ്ചിത വിലയിൽ നൽകാമെന്ന രീതിയിൽ ജി.എൻ.എ ഓഫർ നൽകുന്നതുതന്നെ സംശയകരമാണ്. ആ വൈദ്യുതി ആരാണ് നൽകുന്നത്, ഉൽപ്പാദകൻ ആരാണ്, ഏതു നിലയത്തിൽനിന്നാണ് വൈദ്യുതി ലഭിക്കേണ്ടത്- ഈ കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.
ഇതുകൊണ്ടാണ് ഷെഡ്യൂളിങ് അടക്കമുള്ള വിഷയങ്ങളിൽ ആശങ്കകളുണ്ടെന്ന് കെ.എസ്.ഇ.ബി സർക്കാരിനെ അറിയിച്ചത്. നൂറുകണക്കിന് കോടി രൂപയുടെ വൈദ്യുതി ഇടപാടിൽ വൈദ്യുതി നൽകുന്ന ഉൽപ്പാദകൻ ആരാണെന്ന് അറിയുക അടിസ്ഥാനകാര്യമാണ്. ഉൽപ്പാദകന്റെയോ വ്യാപാരിയുടെയോ പേരുപോലും വെളിപ്പെടുത്താത്ത ഓഫറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്.
ജി.എൻ.എ കമ്പനിയെ സംബന്ധിച്ചുതന്നെ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതും ഗൗരവമുള്ളതാണ്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ രഹസ്യ വിവരങ്ങൾ ചോർത്തി ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഓഹരിയിൽ കൃത്രിമംകാട്ടി കൊള്ളലാഭം ഉണ്ടാക്കിയെന്ന ഇൻസൈഡർ ട്രേഡിങ് കേസിൽ ഉൾപ്പെട്ട കമ്പനിയാണ് ജി.എൻ.എ. ഐഇഎക്സിന്റെ ഓഹരികളിലും അനുബന്ധ ഇടപാടിലും ചിലർ രഹസ്യവിവരം ഉപയോഗിച്ച് വ്യാപാരം നടത്തിയെന്ന് 2025 ഒക്ടോബറിൽ സെബി കണ്ടെത്തിയിരുന്നു. തുടർന്ന് ജിഎൻഎയുടെ സിഇഒ സഞ്ജീവ് കുമാർ അടക്കമുള്ള എട്ടുപേരെ ഓഹരി വിപണിയിൽനിന്ന് വിലക്കി. കേന്ദ്ര റെഗുലേറ്ററി കമീഷന്റെ ജൂലൈയിലെ മാർക്കറ്റ് കപ്ലിങ് ഉത്തരവ് ഇവർ ചോർത്തിയെന്നാണ് കണ്ടെത്തിയത്.
നിയമവിരുദ്ധമായി 173 കോടിയിലധികം രൂപയുടെ അനധികൃത ലാഭമുണ്ടാക്കിയെന്നും പണം ജി.എൻ.എ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റിയെന്നും കണ്ടെത്തി. കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടിയുണ്ടാകുമെന്ന് കേന്ദ്ര റെഗുലേറ്ററി കമീഷൻ താക്കീത് ചെയ്തു. ഊർജ്ജ നിയന്ത്രണ കമീഷനും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഒരു വർഷമായിട്ടും കേസിൽ തീരുമാനമായിട്ടില്ല.
