12 വർഷം തുടർച്ചയായി താമസിച്ചാൽ വാടകക്കാരന് വീടിന്റെ ഉടമയാകാൻ സാധിക്കുമോ?; അറിഞ്ഞിരിക്കാം ഈ നിയമം
പ്രമാണങ്ങൾ ഒന്നുമില്ലാതെ തന്നെ ഒരു വാടകക്കാരന് വീടിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കാൻ സാധിക്കുമോ? എന്നാൽ, 1963ലെ അഡ്വേഴ്സ് പൊസഷൻ ആക്ട് പ്രകാരം സാധിക്കും. വാടകക്കാർക്കും കെട്ടിട ഉടമസ്ഥർക്കും അധികമറിയാത്ത ഒരു നിയമമുണ്ട് ഇന്ത്യൻ സ്വത്തുനിയമത്തിൽ. ഒരാൾ സ്വന്തമല്ലാത്ത ഒരു ഭൂമി ദീർഘകാലം നിയമവിരുദ്ധമായി കൈവശം വെച്ച് അനുഭവിച്ചതിലൂടെ ആ ഭൂമിയുടെ യഥാർഥ ഉടമസ്ഥാവകാശം നിയമപരമായി അയാൾക്ക് തന്നെ ലഭിക്കുന്നതാണ് ഈ നിമയം. എന്നാൽ വർഷങ്ങളോളം ഒരു വീട്ടിൽ താമസിച്ചു എന്നത് കൊണ്ടു മാത്രം ഈ അവകാശം ലഭിക്കില്ല.
എന്താണ് അഡ്വേഴ്സ് പൊസഷൻ ആക്ട് ?
വസ്തു ഉടമയുടെ സമ്മതമില്ലാതെ തന്നെ ഒരു വസ്തു തുടർച്ചയായും ഒരു നിശ്ചിത കാലയളവിലും കൈവശം വെച്ച് അനുഭവിച്ചാൽ അതിലൂടെ നിയമപരമായ ഉടമസ്ഥാവകാശം നേടാൻ സഹായിക്കുന്ന നിമയമമാണ് അഡ്വേഴ്സ് പൊസഷൻ ആക്ട്. ചുരുക്കത്തിൽ, ഒരു സ്ഥലമോ വീടോ സ്വന്തം വസ്തുവെന്ന പോലെ ദീർഘകാലം അനുഭവിക്കുകയും യഥാർഥ ഉടമ അത് തിരിച്ചുപിടിക്കാൻ ഒന്നും ചെയ്യാതിരിക്കുകയും ചെയ്താൽ ഉടമസ്ഥാവകാശം ലഭിക്കുമെന്നർഥം. എന്നാൽ, സ്വന്തം വസ്തുവകകളെക്കുറിച്ച് ജാഗ്രതയുള്ള ഉടമകളെ നിയമം പിന്തുണയ്ക്കും.
എന്താണ് ലിമിറ്റേഷൻ ആക്ട് ?
ഇത്തരത്തിൽ സ്വകാര്യ സ്വത്തുക്കൾ ആരെങ്കിലും കൈവശം വെച്ചാൽ തിരിച്ചുപിടിക്കാൻ 1963ലെ ലിമിറ്റേഷൻ ആക്ട് പ്രകാരം കേസ് നൽകി തിരിച്ചുപിടിക്കാം. ഇതിനായി 12 വർഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലാവധി കഴിഞ്ഞാൽ, സെക്ഷൻ 27 പ്രകാരം യഥാർഥ ഉടമയുടെ അവകാശം ഇല്ലാതാകും. ഇത് സർക്കാർ ഭൂമിക്കും ബാധകമാണ്. എന്നാൽ സർക്കാർ ഭൂമിയിൽ ഈ കാലാവധി 30 വർഷമാണ്.
വാടകക്കാരൻ തെളിയിക്കേണ്ടത് ഈ കാര്യങ്ങൾ
വസ്തു ഉടമ ഏതെങ്കിലും തരത്തിൽ നോട്ടീസ് അയക്കുകയോ നിയമനടപടി എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഈ അവകാശവാദം നിലനിൽക്കില്ല. കൂടാതെ, നിങ്ങൾ അവിടെ താമസിച്ചിരുന്നു എന്ന് മറ്റുള്ളവർക്ക് വ്യക്തമായി അറിയാവുന്നത് ആയിരിക്കണം. ഇത് തെളിയിക്കാൻ വർഷങ്ങളായുള്ള കറന്റ് ബിൽ, വാട്ടർ ബിൽ, നികുതി അടച്ച രസീതുകൾ, ഫോട്ടോകൾ, സാക്ഷിമൊഴികൾ എന്നിവ കോടതിയിൽ നൽകേണ്ടി വരും. വർഷങ്ങളായുള്ള വാടകത്താമസം കൊണ്ട് മാത്രം ഉടമസ്ഥാവകാശം ലഭിക്കില്ലെന്ന് സുപ്രിംകോടതിയും വിവിധ ഹൈക്കോടതികളും ആവർത്തിച്ച്തി ഇനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഉടമകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വാടകക്കരാറുകൾ കൃത്യമായി രജിസ്റ്റർ ചെയ്യുക
കൃത്യമായ നോട്ടീസ് നൽകി പരിശോധന നടത്തുക
അനുമതിയില്ലാത്ത താമസത്തിനെതിരെ ഉടനടി നടപടിയെടുക്കുക
