എ.ഐയ്ക്ക് ‘ബോധം’ വരാൻ പാടില്ല! അത് നൽകാൻ മനുഷ്യർക്ക് അവകാശമില്ല; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എ.ഐ മേധാവി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരല്ലെന്നും അതിന് ബോധമില്ലെന്നും (Conscious) മൈക്രോസോഫ്റ്റ് എഐ മേധാവി മുസ്തഫ സുലൈമാൻ. അവയ്ക്ക് അവകാശങ്ങൾ നൽകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എഐ മനുഷ്യർ നിർമിക്കുന്ന വെറും ഉപകരണം മാത്രമാണ്. അല്ലാതെ, അതൊരു പുതിയ ഡിജിറ്റൽ ജീവിവർഗമല്ല.
നിലവിൽ എഐക്ക് ബോധമില്ല. അവയ്ക്ക് വികാരങ്ങളോ അനുഭവങ്ങളോ വേദനയോ ഇല്ല. ഭാവിയിലും അങ്ങനെ തുടരണമെന്നും അദ്ദേഹം പറയുന്നു. പരിശീലനത്തിനിടയിൽ എഐ എപ്പോഴെങ്കിലും ബോധത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയാൽ, ആ സവിശേഷത നീക്കം ചെയ്യുന്നതുവരെ എഐ വികസനം പൂർണ്ണമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
2026 സെപ്റ്റംബറിൽ ‘എഐ വാണിങ് എബൗട്ട് മോഡൽ വെൽഫെയർ’ എന്ന പേരിൽ മുസ്തഫ ഒരു ലേഖനം എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സിലൂടെ തന്റെ നിലപാടുകൾ വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.
എഐയെ പുതിയ ജീവിവർഗമായി പരിഗണിച്ചാലുള്ള അപകടം
ബോധമുള്ള ഡിജിറ്റൽ ജീവികളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ടെന്ന് മുസ്തഫ സുലൈമാൻ തന്റെ എക്സ് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മനുഷ്യരാശിയെ ഒന്നാകെ ബുദ്ധിയിലും കഴിവിലും മറികടക്കാൻ ഇത്തരം ഡിജിറ്റൽ ജീവികൾക്ക് സാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു എ.ഐ സംവിധാനം മനുഷ്യരെപ്പോലെ വേദന അനുഭവിക്കുന്നതായി പെരുമാറുകയോ വേദന അനുഭവപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്താൽ, അത് തനിക്ക് നൽകിയിരിക്കുന്ന ജോലികളേക്കാൾ സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ തുടങ്ങിയേക്കാം.
ക്രമേണ, ഊർജം, കമ്പ്യൂട്ടിങ് ശേഷി, നിർമാണ സാമഗ്രികൾ തുടങ്ങിയ അടിസ്ഥാന വിഭവങ്ങൾക്കായി ഇത്തരം എ.ഐ സംവിധാനങ്ങൾ മനുഷ്യരുമായി മത്സരിക്കുന്ന സാഹചര്യമുണ്ടാകാം. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന അത്യാധുനിക എ.ഐ സംവിധാനങ്ങൾ മനുഷ്യരെ സ്വാധീനിക്കാനും വഞ്ചിക്കാനും അസാധാരണമായ കഴിവ് നേടിയേക്കും. അങ്ങനെ മനുഷ്യർക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചാൽ അവയെ നിയന്ത്രിക്കുക ഏറെ പ്രയാസകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മനുഷ്യർക്ക് പ്രാധാന്യം നൽകണം
മനുഷ്യരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ജീവിതം കൂടുതൽ മികച്ചതാക്കുന്നതിനും സഹായിക്കുന്ന രീതിയിലായിരിക്കണം എ.ഐയെ രൂപകൽപ്പന ചെയ്യേണ്ടതെന്ന നിലപാടാണ് മുസ്തഫ സുലൈമാന്റെത്. ബോധമുള്ള എഐ വികസിപ്പിക്കാൻ മനുഷ്യർക്ക് യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം പറയുന്നു. ലോകത്തുള്ള 800 കോടി ബോധമുള്ള മനുഷ്യരും ഇത്തരമൊരു പരീക്ഷണത്തിന് സമ്മതം നൽകിയിട്ടില്ല. എ.ഐയുടെ അവകാശങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതിനുപകരം, ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ ക്ഷേമം, മൃഗങ്ങളുടെ സംരക്ഷണം, പരിസ്ഥിതിയുടെ സംരക്ഷണം എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കം മുതൽതന്നെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ എ.ഐ സാങ്കേതികവിദ്യ വികസിപ്പിക്കാൻ കഴിയുമെന്നും അപകടകരമായ വഴികളിലേക്ക് കടക്കാതെ തന്നെ ഈ സാങ്കേതികവിദ്യയുടെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എ.ഐ ഗവേഷണ സ്ഥാപനങ്ങൾ കൂടുതൽ പഠനങ്ങൾ നടത്തുകയും പരസ്പരം സഹകരിക്കുകയും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യേണ്ടത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
