പരിക്കേറ്റവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കും; ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

Share our post

തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം പരിക്കിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് ‘ഗോൾഡൻ ഗോൾ’ പദ്ധതി നടപ്പാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കം. ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കുപുറമേ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ആംബുലൻസുകളെ ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കും. രണ്ടാംഘട്ടത്തിൽ സ്വകാര്യ, എൻ.ജി.ഒ. ആംബുലൻസുകളെയും സന്നദ്ധരാകുന്ന സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

കംമ്പ്യൂട്ടർ അധിഷ്ഠിത ഡെസ്പാച്ച് സംവിധാനം, ജി.പി.എസ്. ട്രാക്കിങ്, ജി.ഐ.എസ്. മാപ്പിങ് എന്നിവയുടെ സഹായത്തോടെ അപകടസ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായ ആംബുലൻസ് അയയ്ക്കും. പരിക്കേറ്റയാളുടെ ആരോഗ്യനിലയും പരിക്കിന്റെ സ്വഭാവവും കൺട്രോൾ സെന്ററിലേക്ക് ഓൺലൈനായി കൈമാറും. ഇതനുസരിച്ച് ഏത് ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്ന് ആംബുലൻസ് ജീവനക്കാർക്ക് നിർദേശം നൽകും. രോഗിയെത്തുംമുൻപേ ആശുപത്രിയിൽ വിവരമെത്തുന്നതിനാൽ ഡോക്ടർമാർക്കും ട്രോമ സംഘത്തിനും രക്തബാങ്കിനും മുന്നൊരുക്കം നടത്താനാകും. സർക്കാർ ആശുപത്രികൾക്കുപുറമേ കാസ്പ്-പി.എം.-ജെ.എ.വൈ. പദ്ധതിയിലുള്ള സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!