പ്രായക്കുറവ് കുറ്റമോ? 14 ദിവസത്തെ പ്രായക്കുറവ്; ആർച്ചറി ദേശീയ സ്വർണമെഡൽ ജേതാവിന് സർക്കാർ ജോലി നൽകിയില്ല

Share our post

കൊട്ടിയൂർ : ആർച്ചറിയിൽ ദേശീയ ഗെയിംസ് താരത്തിന് 14 ദിവസത്തെ പ്രായക്കുറവിന്റെ പേരിൽ സർക്കാർ ജോലി നഷ്ടപ്പെടാൻ സാധ്യതയെന്ന് പരാതി. 2022 ദേശീയ ഗെയിംസ് ആർച്ചറിയിൽ സീനിയർ ഇന്ത്യൻ റൗണ്ടിലെ സ്വർണമെഡൽ ജേതാവും കൊട്ടിയൂർ പാൽച്ചുരം സ്വദേശിയുമായ ഇടമന ആർച്ച രാജനാണ് ജോലി ലഭിക്കാത്തത്.

2020 മുതൽ 24 വരെ ദേശീയ ഗെയിംസിൽ മെഡൽ നേടിയവർക്ക് സ്പോർട്സ് ക്വോട്ടയിൽ സർക്കാർ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞവർഷം ജോലിക്ക് അപേക്ഷ നൽകി. കൂടെ അപേക്ഷനൽകിയ പലർക്കും വെരിഫിക്കേഷൻ മെമ്മോ ലഭിച്ചിട്ടും ആർച്ചയ്ക്ക് മാത്രം കിട്ടിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2006 ഡിസംബർ 31ന് മുൻപ് ജനിച്ചവർക്കാണ് നിയമനം നൽകുകയെന്ന വിവരം ലഭിച്ചതെന്ന് പിതാവ് രാജൻ പറയുന്നു. എന്നാൽ, ആർച്ച 2007 ജനുവരിയിലാണ് ജനിച്ചത്.

എസ്ടി വിഭാഗത്തിൽപെട്ട ആർച്ചയ്ക്ക് വയസ്സിൽ ഇളവിന് അർഹതയുണ്ടെങ്കിലും അവസാനഘട്ടത്തിൽ മാത്രമേ ലഭിക്കൂ എന്നാണ് വിശദീകരണം. നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ പ്രായപരിധി പറഞ്ഞിരുന്നില്ലെന്നും പിതാവ് രാജൻ പറയുന്നു. ഇനി അപേക്ഷ ക്ഷണിക്കുക എപ്പോഴാണെന്ന് പറയാനാവില്ല. അപേക്ഷ ക്ഷണിച്ചാൽ തന്നെ 2025ന് ശേഷം മെഡൽ നേട്ടമുള്ളവർക്കാകാനാണ് സാധ്യതയെന്നും രാജൻ പറയുന്നു.

എറണാകുളം മഹാരാജാസ് കോളജിൽ ബികോം മൂന്നാംവർഷ വിദ്യാർഥിയാണ് ആർച്ച. സംസ്ഥാന തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും ഒട്ടേറെ മെഡൽ നേടിയിട്ടുണ്ട്. ജോലിക്കായി തന്നെക്കൂടി പരിഗണിക്കാൻ സർക്കാർ നടപടി വേണമെന്നാണ് ആർച്ച ആവശ്യപ്പെടുന്നത്. പിതാവ് രാജനും ആർച്ചറിയിൽ ദേശീയ താരമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!