ഫോൺ നമ്പറും തീയതിയും ഇനി നിസ്സാരമായി കൈകാര്യം ചെയ്യാം; വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് എത്തി!
വാട്സാപ്പ് പുതിയ സ്മാർട് ടെക്സ്റ്റ് ആക്ഷൻസ് (Smart Text Actions) എന്ന ഫീച്ചർ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ചാറ്റുകളിൽ നിന്ന് തന്നെ വിവിധ കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ സഹായിക്കുന്ന ഒരു ഫീച്ചറാണിത്. നിങ്ങൾ ചാറ്റുകളിൽ അയക്കുന്നതോ സ്വീകരിക്കുന്നതോ ആയ സന്ദേശങ്ങളിൽ ഫോൺ നമ്പർ, തീയതി, സമയം, ഇമെയിൽ വിലാസം, സ്ഥലം തുടങ്ങിയവ ഉണ്ടെങ്കിൽ വാട്സാപ്പ് അത് സ്വയം തിരിച്ചറിയും. ഇങ്ങനെ തിരിച്ചറിയുന്ന ടെക്സ്റ്റിന് താഴെ ഒരു ചെറിയ ഡോട്ടഡ് ലൈൻ (dotted underline) കാണാം.
ആ ടെക്സ്റ്റിൽ അമർത്തിയാൽ ഒരു മെനു തുറന്നുവരും. ഇതിൽ നിന്ന് ആ വിവരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാനാകും. ഉദാഹരണത്തിന്:
- ഒരു ഫോൺ നമ്പർ ആണെങ്കിൽ അത് സേവ് ചെയ്യാനോ അല്ലെങ്കിൽ നേരിട്ട് ഡയൽ ചെയ്യാനോ സാധിക്കും.
- തീയതിയും സമയവുമാണെങ്കിൽ അത് കലണ്ടറിൽ ചേർക്കാനോ പുതിയ ഇവന്റ് ക്രിയേറ്റ് ചെയ്യാനോ സാധിക്കും.
- സ്ഥലങ്ങളുടെ പേരാണെങ്കിൽ അത് മാപ്പിൽ (Maps) തുറന്ന് കാണാം.
- ഇമെയിൽ വിലാസമാണെങ്കിൽ പെട്ടെന്ന് മെയിൽ അയക്കാൻ സാധിക്കും.
ഇൻകമിങ്, ഔട്ട്ഗോയിങ് സന്ദേശങ്ങളിലെല്ലാം സ്മാർട് ടെക്സ്റ്റ് ആക്ഷൻ പ്രവർത്തിക്കും. ഇതിലെ പല ഓപ്ഷനുകളും നിലവിൽ പലരീതിയിൽ വാട്സാപ്പിൽ ലഭ്യമാണെങ്കിലും പുതിയ അപ്ഡേറ്റിലൂടെ അവയെല്ലാം ഒരിടത്തേക്ക് ക്രമീകരിക്കാൻ സാധിച്ചു.
വാട്സാപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഈ പുതിയ ഫീച്ചറിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ ഫീച്ചർ വാട്സാപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ ഫീച്ചർ തിരഞ്ഞെടുത്ത ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഘട്ടം ഘട്ടമായാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
