ഉദ്യാൻ എക്സ്പ്രസിന് 1,118 കിലോമീറ്റർ പിന്നിടാൻ 22 മണിക്കൂർ; വന്ദേഭാരത് സ്ലീപ്പറിന് 16 മണിക്കൂർ 10 മിനിറ്റ്
മുംബൈ : ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരു– മുംബൈ റൂട്ടിൽ ആരംഭിച്ചതോടെ ഇരുനഗരങ്ങൾക്കിടയിലെ യാത്രാസമയം 16 മണിക്കൂർ 10 മിനിറ്റായി ചുരുങ്ങി. നിലവിൽ ബെംഗളൂരു– മുംബൈ റൂട്ടിലോടുന്ന ഉദ്യാൻ എക്സ്പ്രസിന് 1,118 കിലോമീറ്റർ യാത്രാദൂരം പിന്നിടാൻ 22 മണിക്കൂർ വേണമായിരുന്നു.
ആഴ്ചയിൽ 6 ദിവസം സർവീസ്
ബെംഗളൂരു എസ്എംവിടി – മുംബൈ സിഎസ്എംടി വന്ദേഭാരത് (27652) തിങ്കളാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തും. എസ്എംവിടിയിൽനിന്ന് രാത്രി 7.45 നു പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.55 ന് മുംബൈയിൽ എത്തും. ധർമാവാരാം, അനന്തപുർ, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, വാഡി, കലബുറഗി, സോലാപുർ, പുണെ, കല്യാൺ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും. മുംബൈ സിഎസ്എംടി ബെംഗളൂരു എസ്എംവിടി വന്ദേഭാരത് (27651) ചൊവ്വാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തും. മുംബൈയിൽനിന്ന് രാത്രി 8.10നു പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിൽ എത്തും.
ടിക്കറ്റ് നിരക്ക്
തേഡ് എസി-2,684 രൂപ
സെക്കൻഡ് എസി-3,466 രൂപ
ഫസ്റ്റ് ക്ലാസ്-4,250 രൂപ
യാത്ര സിംപിളാകും
നിലവിൽ ബെംഗളൂരു – മുംബൈ റൂട്ടിലോടുന്ന ഉദ്യാൻ എക്സ്പ്രസ് 22 മണിക്കൂർ കൊണ്ടാണ് എത്തുന്നത്. 52 കിലോമീറ്ററാണ് ശരാശരി വേഗം. ബെംഗളൂരുവിൽനിന്ന് മുംബൈയിലേക്ക് റോഡ് മാർഗം 984 കിലോമീറ്റർ സഞ്ചരിക്കാൻ സാധാരണഗതിയിൽ 17–19 മണിക്കൂർ വേണം (ഗതാഗതക്കുരുക്കും മറ്റ് സാഹചര്യങ്ങളും ആശ്രയിച്ചിരിക്കും). അതിനാൽ വന്ദേഭാരത് സ്ലീപ്പർ ഓടിത്തുടങ്ങിയതോടെ രാജ്യത്തിന്റെ ഐടി തലസ്ഥാനത്തുനിന്ന് സാമ്പത്തിക തലസ്ഥാനത്തേക്കുള്ള യാത്ര ഏറെ സുഗമമാകും.
സ്‌റ്റോപ്പുകൾ
കല്യാൺ, പുണെ, സോലാപുർ, കലബുറഗി, വാഡി, യാദ്‌ഗിർ, റായ്ച്ചൂർ, ഗുണ്ടക്കൽ, അനന്തപുർ, ധർമാവാരാം.
∙ 16 കോച്ചുകൾ
∙ 823 ബെർത്തുകൾ
ബെംഗളൂരു- പുണെ ബുള്ളറ്റ് ട്രെയിൻ അടുത്തഘട്ടത്തിൽ
നിർദിഷ്ട ബെംഗളൂരു- പുണെ ബുള്ളറ്റ് ട്രെയിൻ ഇടനാഴി അടുത്തഘട്ട അതിവേഗ റെയിൽ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു. ദക്ഷിണേന്ത്യൻ ബുള്ളറ്റ് ട്രെയിൻ ഇടനാഴി ബെംഗളൂരു, ഹൈദരാബാദ്, അമരാവതി, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുമെന്നും ബെംഗളൂരു– ചെന്നൈ യാത്ര 73 മിനിറ്റായും ബെംഗളൂരു- ഹൈദരാബാദ് യാത്ര 2 മണിക്കൂർ 10 മിനിറ്റായും ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരു- മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഏതാനും ആഴ്ചകൾക്കകം തുടങ്ങുമെന്നും റൂട്ടിലെ വൈദ്യുതീകരണവും പരീക്ഷണയോട്ടവും പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.
