യുപിയില്‍ ക്ഷേത്രത്തിലെത്തുന്ന കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ വിദേശികൾക്ക് വിറ്റു; പൂജാരിക്ക് ജീവപര്യന്തം
മഥുര: ക്ഷേത്രത്തിലെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വിദേശികൾക്ക് വിൽക്കുകയും ചെയ്ത കേസിൽ ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്. ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ ശ്യാം ബിഹാരിയെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 1.43 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക മുഴുവൻ ഇരകൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇന്റർപോളിന്റെ ഇടപെടലിനെ തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രത്തിന്റെ മറവിൽ നടന്ന ലൈംഗികാതിക്രമവും ദൃശ്യങ്ങള്‍ വിറ്റതും പുറത്തുവന്നത്.
മഥുരയിലെ ജൈന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രത്യേക മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു പൂജാരി. തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പകർത്തിയ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ വിദേശത്തുള്ളവർക്ക് വിൽക്കുന്നതായിരുന്നു രീതി. കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ വിദേശത്ത് പ്രചരിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഇന്റർപോൾ ഇന്ത്യൻ അധികൃതർക്ക് വിവരം കൈമാറിയത്.
സിബിഐ 2025 ഓഗസ്റ്റ് 18ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണയ്ക്കിടെ ഇരകൾ, സ്കൂൾ പ്രധാനാധ്യാപകർ, സിബിഐ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, ഫൊറൻസിക് വിദഗ്ധർ എന്നിവരടക്കം 14 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി. 39 രേഖകളും ഇലക്ട്രോണിക് തെളിവുകളും കോടതിയിൽ സമർപ്പിച്ചു. പെൺകുട്ടികളുടെ മൊഴികൾ, പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച തെളിവുകൾ, ഫൊറൻസിക് പരിശോധനാഫലം എന്നിവ കേസിൽ നിർണായകമായി.
മഥുരയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയും പ്രത്യേക പോക്സോ കോടതി ജഡ്ജിയുമായ ബ്രജേഷ് കുമാറാണ് ഒക്ടോബർ 30ന് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 എബി, പോക്സോ നിയമത്തിലെ 6, 8, 10, 12, 14, 15 വകുപ്പുകൾ, വിവരസാങ്കേതികവിദ്യാ നിയമത്തിലെ 67 ബി വകുപ്പ് എന്നിവ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അതേസമയം ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ 506ാം വകുപ്പിൽ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി.
