എക്സ്പ്രസ് ട്രെയിനുകൾ ഇനി മൈസൂരു നിയന്ത്രിക്കും
നിലമ്പൂർ: മംഗളൂരു (മംഗലാപുരം) റെയിൽവേ സ്റ്റേഷൻ പരിധിയുടെ നിയന്ത്രണം പാലക്കാട് ഡിവിഷനിൽ നിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതോടെ എക്സ്പ്രസ് ട്രെയിനുകളുടെ നേരിട്ടുള്ള നിയന്ത്രണമില്ലാത്ത ഡിവിഷനായി പാലക്കാട്. ജനുവരി ഒന്നുമുതൽ മലബാർ, മാവേലി, ഏറനാട്, പരശുറാം, മംഗളൂരു–രാമേശ്വരം, മംഗളൂരു–കോഴിക്കോട്, പാലക്കാട്–കണ്ണൂർ സർവീസുകളുമായി ബന്ധപ്പെട്ട ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷനിലേക്ക് മാറും. ആറ് ട്രെയിനുകളെന്ന കണക്കിൽ സർവീസുകളുടെ ഇരുവശത്തേക്കുമുള്ള യാത്രകൾ ഉൾപ്പെടുന്നതിനാൽ 12 സർവീസുകളാണ് നമ്പർ മാറ്റത്തിന്റെ പരിധിയിൽ വരുന്നത്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ നിയന്ത്രണവും മൈസൂരു ഡിവിഷനിലേക്ക് മാറും.
ട്രെയിനുകളുടെ സർവീസ് നമ്പർ ശ്രേണി മാറ്റിയാണ് അധികാര കൈമാറ്റം നടപ്പാക്കുന്നത്. ഇതുവരെ 166 ശ്രേണിയിലുള്ള നമ്പറുകളിലാണ് പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത്. പുതിയ ക്രമീകരണത്തോടെ ഇവ 162 ശ്രേണിയിലേക്ക് മാറും. യാത്രക്കാർക്ക് നമ്പർ മാറ്റമായി മാത്രം തോന്നാവുന്ന ഈ നടപടി ട്രെയിനുകളുടെ ഭരണപരമായ നിയന്ത്രണത്തിലും പരിപാലന സംവിധാനത്തിലും നിർണായക മാറ്റമാണ് വരുത്തുന്നത്. ട്രെയിനുകളുടെ നമ്പർ മാറ്റം സംബന്ധിച്ച ഉത്തരവിലൂടെയാണ് റെയിൽവേ മാറ്റം നടപ്പാക്കുന്നത്. നമ്പർ മാറുന്നതോടെ ടിക്കറ്റ് ബുക്കിങ്, ട്രെയിൻ വിവരങ്ങൾ തിരയൽ, യാത്രാ അറിയിപ്പുകൾ എന്നിവയിൽ പുതിയ നമ്പറുകൾ യാത്രക്കാർ പരിചയപ്പെടേണ്ടിവരും. എന്നാൽ ഇതിന്റെ പ്രധാന പ്രത്യാഘാതം പാലക്കാട് ഡിവിഷന്റെ അധികാരപരിധിയിൽ നിന്ന് ട്രെയിനുകൾ പുറത്താകുന്നതാണ്.
മംഗളൂരു സ്റ്റേഷൻ പരിധി പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്നപ്പോൾ അവിടത്തെ വിപുലമായ പരിപാലന സൗകര്യങ്ങൾ ഡിവിഷനുമായി ബന്ധപ്പെട്ട ട്രെയിനുകൾക്കും പ്രയോജനപ്പെട്ടിരുന്നു.മംഗളൂരു സ്റ്റേഷന്റെ നിയന്ത്രണം മൈസൂരു ഡിവിഷനിലേക്ക് മാറിയതോടെ ഈ പരിപാലന സംവിധാനങ്ങളും പാലക്കാട് ഡിവിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽനിന്ന് പുറത്തായി.
