ഭാര്യയെ സംശയിച്ച് ക്രൂരമായി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവ്, മാതാവും മകളും എതിരായി മൊഴിനൽകി

Share our post

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. വർഷങ്ങളായി ഭാര്യയെ സംശയിച്ച് നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ (38) കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ കോടതി ജഡ്ജി എൻ.ആർ. കൃഷ്ണകുമാർ കുറ്റക്കാരനായി കണ്ടെത്തിയത്. ഒരു ലക്ഷം രൂപ പിഴയൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ് അനുഭവിക്കണം. പിഴത്തുക അടച്ചാൽ രണ്ടു മക്കൾക്കുമായി നൽകണം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരമാണ് ഒന്നാംപ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. കേസിലെ രണ്ട്, മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. സംഭവത്തിനുശേഷം താജുദ്ദീൻ റിമാൻഡ് തടവുകാരനായി കഴിയുകയായിരുന്നു.

കേസിൽ പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിക്കുകയും 68 രേഖകളും 22 തൊണ്ടിമുതലുകളും കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗവും ഒരു രേഖ തെളിവായി ഹാജരാക്കി.

2021 ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയുടെ സുഹൃത്തിന്റെ ബാലുശ്ശേരിയിലുള്ള വീട്ടിൽവെച്ചായിരുന്നു സംഭവം. താജുദ്ദീന്റെ ഉമ്മയും സഹോദരിയും എട്ടു വയസ്സുള്ള മകളും പ്രതിക്കെതിരേ കോടതിയിൽ മൊഴി നൽകിയിരുന്നു.

ബാലുശ്ശേരി പോലീസ് അന്വേഷിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എം.കെ. സുരേഷ് കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ്‌ പബ്ലിക് പ്രോസിക്യൂട്ടർ എൻ. ഷംസുദീൻ, രശ്മി റാം എന്നിവർ ഹാജരായി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!