എസ്.എം.എ ബാധിതരില്‍ പരീക്ഷണ മരുന്ന്: പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍വെച്ച് സര്‍ക്കാര്‍ ചൂതാടുന്നു: പിണറായി വിജയന്‍
തിരുവനന്തപുരം: എസ്എംഎ ബാധിതരായ കുട്ടികള്‍ക്ക് മെഡിക്കല്‍ ട്രയലിനുള്ള മരുന്ന് നല്‍കിയെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മാതാപിതാക്കളുടെ പൂര്‍ണ്ണസമ്മതമില്ലാതെ പരീക്ഷണ ലേബലിലുള്ള മരുന്നുകള്‍ രോഗികളായ കുട്ടികള്‍ക്ക് നല്‍കിയത് നിസ്സാരമായി കാണാനാകില്ലെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആരോഗ്യവകുപ്പിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോയെന്നത് ഭീതിതമായ ചോദ്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
‘വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കാട്ടുന്ന അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുകയുണ്ടായി. പതിവുപോലെ, വളരെ നിരുത്തരവാദപരമായാണ് അദ്ദേഹം ഈ വിഷയത്തെയും കൈകാര്യം ചെയ്യുന്നത്. കേരളത്തിന്റെ ആരോഗ്യരംഗം കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ എല്ലാത്തരത്തിലും തകര്‍ന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണിത്. ആരോഗ്യവകുപ്പിന്റെ പരാജയം കഴിഞ്ഞ ദിവസം നിയമസഭയില്‍ വകുപ്പുമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നതാണ്. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സര്‍ക്കാര്‍, ഒടുവില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍വെച്ചുപോലും ചൂതാട്ടത്തിന് മുതിരുകയാണ്’, പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
തിരുവനന്തപുരത്തെ എസ്എടിആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളില്‍ ‘Physician Sample’ എന്നും ‘For Clinical Trials Only’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങളുടെയും സംഭരണച്ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഇതിന്റെ ഉത്തരവാദികള്‍ ആരാണോ, അവര്‍ക്കെതിരെ നടപടി വേണം. ദീര്‍ഘകാലമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മരുന്നുകള്‍ നല്‍കി രാജ്യത്തിനുതന്നെ മാതൃകയായിരുന്ന പദ്ധതികളെയാണ് തകിടം മറിച്ചിരിക്കുന്നത്. രോഗികളുടെ കൂട്ടായ്മയായ ‘ക്യൂര്‍ എസ്എംഎ’യുടെ ശക്തമായ എതിര്‍പ്പും ആശങ്കകളും പൂര്‍ണമായി അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ തലതിരിഞ്ഞ തീരുമാനത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഷയം കത്തിലൂടെ അറിയിച്ചിരുന്നു. അതിന് മറുപടി നല്‍കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
