‘ഭണ്ഡാരം സജീഷ്’ പോലീസ് പിടിയിൽ; പല ജില്ലകളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത് നൂറിലധികം മോഷണങ്ങൾ
കോഴിക്കോട്: ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിയ അമ്പലമോഷ്ടാവ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) എന്ന ഭണ്ഡാരം സജീഷാണ് പിടിയിലായത്. വയനാട് പോലീസിന്റെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അഷ്റഫ് തെങ്ങലിക്കണ്ടിയുടെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതീക്ഷേത്രം, അങ്കക്കളരി ഭഗവതീക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ 12-ന് പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതീക്ഷേത്രം, മാട്ടുപ്പിലാവിൽ ഭഗവതീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ആൾതന്നെയാണ് കവർച്ചനടത്തിയതെന്ന് സി.സി. ടി.വി. ദൃശ്യങ്ങളിൽനിന്ന് മനസ്സിലായി. ഒപ്പം ശാസ്ത്രീയതെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ കളവുനടത്തിയത് സജീഷാണെന്ന് ഉറപ്പിക്കുകയായിരുന്നു.
അന്വേഷണത്തിൽ പ്രതി മൈസൂരുവിലേക്ക് കടന്നതായി മനസ്സിലാക്കിയ ക്രൈം സ്ക്വാഡ് വിവരം വയനാട് പോലീസിന് കൈമാറി. പിന്നാലെയാണ് ഇയാൾ പിടിയിലായത്.
പ്രതിക്ക് തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, പേരമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കൽ കോളേജ്, നല്ലളം, ചേവായൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സജീഷിന്റെപേരിൽ നിലവിൽ കേസുകളുണ്ട്.
