‘നീതിക്കായി ഇടപെടും’; ഗോപികയുടെയും ദേവികയുടെയും കുടുംബാംഗങ്ങളെ പ്രതിപക്ഷനേതാവ് വിളിച്ചു
തിരുവനന്തപുരം: നെടുമ്പാശേരി വാഹനക്കുരുതിയില് മരണപ്പെട്ട ഗോപികയുടെയും ദേവികയുടെയും കുടുംബാംഗങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. ഗോപികയുടെ പിതാവ് പ്രദീപ് കുമാറിനെയും ദേവികയുടെ പിതാവ് സന്തോഷിനെയും ഫോണിലൂടെ ബന്ധപ്പെട്ട് കുടുംബങ്ങളുടെ അവസ്ഥയും നിലവിലെ സാഹചര്യങ്ങളും അന്വേഷിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ നിലവിലെ സ്ഥിതിഗതികളും തുടർനടപടികളും മനസ്സിലാക്കുന്നുണ്ടെന്നും കുടുംബങ്ങൾക്ക് നീതിയും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കുന്നതിനായി വിഷയത്തിൽ ശ്രദ്ധ ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രിയപ്പെട്ട മക്കളുടെ അകാല വിയോഗത്തിൽ ഇരുകുടുംബങ്ങൾക്കുമുള്ള ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. നികത്താനാവാത്ത ഈ നഷ്ടത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഈ ഘട്ടത്തിൽ ആവശ്യമായ എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
