റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന് എം.വി.ഡി റിപ്പോർട്ട്
കാക്കനാട്: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി) പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക് ഇതുസംബന്ധിച്ച റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറി.
അപകടം നടന്ന സിയാൽ-അത്താണി എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 60 കിലോമീറ്ററാണ് അനുവദനീയ വേഗപരിധി. ഇത് ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ അപാകമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് മൂന്നു പേരുടെ ജീവനെടുത്ത അപകടം.
കർണാടകയിലെ കുടക് സ്വദേശി ഇയ്യാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഒരു ആഡംബരക്കാർ ഇടിച്ചുകയറുകയായിരുന്നു. വിമാനത്താവള റോഡിലെ കഫേയിൽനിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. ഖത്തർ എയർവേസ് വിമാനത്തിലെത്തിയ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തിന്റെ കാറാണ് സ്കൂട്ടറിലിടിച്ചത്.
രക്തപരിശോധനാ ഫലത്തിനായി കാത്തിരിപ്പ്
അപകടസമയത്ത് കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിന്റെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ഫൊറൻസിക് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിക്കുന്നതോടെ പ്രതിക്കെതിരേ കൂടുതൽ കർശനമായ നിയമവകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
മദ്യപാനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ രാസപരിശോധനാഫലം നിർണായകമാകും. അപകടസ്ഥലത്ത് മതിയായ വെളിച്ചവും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നുവെന്നാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടിലുള്ളത്. റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ അപാകമില്ലെന്ന കണ്ടെത്തലും ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനത്തെ പിന്തുണയ്ക്കുന്നു.
