നെടുമ്പാശേരി വാഹനാപകടം: കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ബിഎംഡബ്ല്യു വിദഗ്ധരെത്തും
കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ബിഎംഡബ്ല്യു വിദഗ്ധരുമെത്തുന്നു. മിനികൂപ്പറിന്റെ ഇവന്റ് ഡാറ്റാ റെക്കോഡർ (ഇഡിആർ) പരിശോധിക്കാനാണ് ബിഎംഡബ്യൂവിൽ നിന്നും മെക്കാനികൾ എത്തുന്നത്. വാഹനാപകടത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള വേഗതയും മറ്റ് നിർണായക വിവരങ്ങളും ഇഡിആർ പരിശോധനയിലൂടെ വ്യക്തമാകും.
അപകടം നടക്കുന്ന തൊട്ടുമുമ്പുള്ള സെക്കൻഡുകളിൽ വാഹനത്തിന്റെ കൃത്യമായ വേഗത എത്രയായിരുന്നു, അപകട സമയത്തോ അതിന് തൊട്ടുമുമ്പോ ഡ്രൈവർ ബ്രേക്ക് ഉപയോഗിച്ചോ, ആക്സിലറേറ്റർ പെഡൽ എത്രത്തോളം അമർത്തിയിരുന്നു തുടങ്ങി എല്ലാ വിവരവും ഇഡിആറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള ആഡംബര ഹാച്ച്ബാക്ക് മോഡലായ മിനി കൂപ്പർ എസ് ആണ് സുഹൈൽ സജീവ് ഉപയോഗിച്ചിരുന്നത്. വെറും 6.6 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു വാഹനം കുതിക്കും. മണിക്കൂറിൽ 242 കിലോമീറ്ററാണ് പരമാവധി വേഗം. അമിതവേഗം ഹരമായിരുന്ന സുഹൈൽ, അതിവേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിൽവരെ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
മദ്യലഹരിയിൽ വാഹനമോടിച്ചത് 120 കിലോമീറ്റർ വേഗതയിയിലായിരുന്നുവെന്നാണ് സുഹൈൽ തെളിവെടുപ്പിനിടെ പറഞ്ഞത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിലും കൂടുതൽ വേഗതയിലായിരിക്കുമെന്നാണ് നിഗമനം. ബ്രേക്ക് ചവിട്ട് കിട്ടിയിട്ടില്ലെന്നും സ്കൂട്ടർ കണ്ടില്ലെന്നും സുഹൈൽ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴികൾ പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇഡിആർ പരിശോധനയിലൂടെ ഇക്കാര്യങ്ങളിൽ വ്യക്തതവരും.
നെടുമ്പാശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായർ പുലർച്ചെ 1.45ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയനാട് കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (കുക്കു–21), പാലക്കാട് കരിമ്പ ചെന്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ് കുമാറിന്റെ മകൾ ഗോപിക (22), കർണാടകത്തിലെ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21) എന്നിവരാണ് മരിച്ചത്.
