വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ ഹാർബറിൽ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. പശ്ചിമബംഗാളിലെ പർഗാന സ്വദേശി ദിലീപ് സുർ (53) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന തൊഴിലാളി സച്ചിൻ ദാസ് (25) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബോട്ടിന്റെ സ്റ്റോർറൂമിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് അപകടത്തിന് കാരണം. ചീഞ്ഞ മത്സ്യത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് ആരോപണമുണ്ട്.
ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മത്സ്യബന്ധന ബോട്ടുകളിലെ അനധികൃത വള മത്സ്യ ശേഖരമുളള ടാങ്കിലേക്ക് മത്സ്യത്തൊഴിലാളികളെ ഇറക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും പരാതിയുണ്ട്.
