കണ്ണൂരിൽ വച്ച് വഴിചോദിച്ചത് കാസർകോട്ടു പൊലീസുകാരനോട്; കള്ളനെ പിൻതുടർന്ന് പിടികൂടി
പയ്യന്നൂർ : മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസുകാരനോടു വഴി ചോദിച്ച ഇതരസംസ്ഥാനക്കാരൻ പിടിയിലായി. വ്യാഴം രാത്രി 8 മണിയോടെ വെള്ളൂർ കൊട്ടണച്ചരി ക്ഷേത്രത്തിനെ സമീപത്തുവച്ചാണു സംഭവം. ബൈക്കിലെത്തിയ യുവാവ് കാസർകോട്ടു പൊലീസുകാരനായ പെരളത്തെ സുനീഷിനോട് ഹിന്ദിയിൽ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിക്കുകയായിരുന്നു.
വഴി പറഞ്ഞു കൊടുക്കുമ്പോൾ പൊലീസുകാരൻ ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ചു. ബൈക്ക് പോകുകയും ചെയ്തു. എന്നാൽ, ബൈക്കിന്റെ നമ്പറും ഹിന്ദിയിലുള്ള സംസാരവുംമൂലം പന്തികേടു തോന്നിയ സുനീഷ് ഉടൻ കാസർകോട് കൺട്രോൾ റൂമിലെ രജനീഷ് എന്ന പൊലീസുകാരന് ബൈക്കിന്റെ നമ്പർ കൈമാറി. ഇതോടെയാണു 2 ദിവസം മുൻപ് വടകരയിൽനിന്ന് മോഷണം പോയ ബൈക്കിന്റെ നമ്പറാണെന്ന് തിരിച്ചറിഞ്ഞത്.
ഈ വിവരം ലഭിച്ചതോടെ സുനീഷ് ബൈക്കിൽ പിന്തുടരുകയും ചെറുവത്തൂരിൽ വച്ച് പിടികൂടുകയുമായിരുന്നു. ചന്തേര പൊലീസ് ബൈക്കും പ്രതിയെയും വടകര പൊലീസിന് കൈമാറി.
