റോഡിലെ മത്സരവും അടിപിടിയും ഇനി വേണ്ട; സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ ‘ഡൈനാമിക് ടൈം’

Share our post

കാക്കനാട്: മുന്നിലെ ബസിനെ പിടിക്കണം, പിന്നിലെ ബസിനെ വിടരുത്, സമയക്രമം തെറ്റിയാൽ തർക്കം, ഒടുവിൽ റോഡിൽ മത്സരയോട്ടം-സ്വകാര്യ ബസുകളുടെ ഈ ഓട്ടപ്പാച്ചിലിന് നിയന്ത്രണമിടാൻ ഇനി സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ.). ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ സാഹചര്യത്തിനനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’ സംവിധാനം നടപ്പാക്കാനാണ് നീക്കം.

‘കേരള ബസ്’ പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങൾ ശേഖരിച്ച് അതനുസരിച്ച് സമയം ക്രമീകരിക്കുകയാണ് ലക്ഷ്യം. നിലവിൽ നഗരമേഖലയിൽ ഒരേറൂട്ടിൽ തുടർച്ചയായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കിടയിൽ കുറഞ്ഞത് അഞ്ചുമിനിറ്റും ഗ്രാമീണമേഖലയിൽ പത്തു മിനിറ്റും ഇടവേള വേണമെന്നാണ് എസ്.ടി.എ.യുടെ തീരുമാനം. 2025 ഓഗസ്റ്റ് എട്ടിനായിരുന്നു ഇതുസംബന്ധിച്ച തീരുമാനം.

കടലാസ് സമയം മാറി ‘ഡൈനാമിക്’ യുഗം

സ്ഥിരം ടൈംടേബിൾ പ്രായോഗികമായി പാലിക്കുന്നതിലെ ബുദ്ധിമുട്ടാണ് പുതിയ ആശയത്തിന് പിന്നിൽ. ഗതാഗതക്കുരുക്ക്, യാത്രക്കാരുടെ തിരക്ക് തുടങ്ങി പല കാരണങ്ങളാലും പേപ്പറിൽ നിശ്ചയിച്ച സമയം റോഡിൽ അതേപടി പാലിക്കാനാകാത്ത സ്ഥിതിയുണ്ട്. അതുകൊണ്ടുതന്നെ ‘സ്ഥിരം സമയം’ എന്ന രീതിയിൽനിന്ന് ‘സാഹചര്യത്തിനനുസരിച്ചുള്ള സമയം’ എന്ന ആശയത്തിലേക്കാണ് എസ്.ടി.എ. നീങ്ങുന്നത്.

‘ആരാണ് ആദ്യം?’ ഇനി ആപ്പ് പറയും

പുതിയ സംവിധാനത്തിൽ ബസുകളുടെ തത്സമയ സ്ഥാനം മനസ്സിലാക്കി ഓരോ സ്റ്റോപ്പിലും എത്ര സമയം നിർത്തണം, എപ്പോൾ പുറപ്പെടണം തുടങ്ങിയ നിർദേശങ്ങൾ ഡ്രൈവർമാർക്ക് ഡാഷ്ബോർഡ് കൺസോൾ വഴി നൽകാനാകും. റൂട്ടിലെ മറ്റു ബസുകളുടെ സഞ്ചാരവും കണക്കിലെടുത്തായിരിക്കും സമയക്രമീകരണം. അതായത്, ടൈം ഷീറ്റിലെ സമയം നോക്കി ബസ് ഓടിക്കുന്ന രീതിക്കു പകരം റോഡിലെ സാഹചര്യം നോക്കി സമയം ക്രമീകരിക്കുന്ന സംവിധാനം. മുന്നിലെ ബസ് എവിടെയെത്തി, പിന്നിലെ ബസ് എത്ര ദൂരെയുണ്ട് തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ മനസ്സിലാക്കാനാകും.

യാത്രക്കാർക്കും മൊബൈൽ ആപ്പിലൂടെ ഏത് സമയത്ത് ഏത് ബസ് ലഭിക്കുമെന്ന് അറിയാനാകുമെന്നാണ് പ്രതീക്ഷ. 2026 നവംബർ ഒന്ന് കേരളപ്പിറവിദിനം മുതൽ സംവിധാനം നിർബന്ധമാക്കണമെന്നാണ് നിർദേശം. ഇതോടെ പുതിയ പെർമിറ്റുകൾക്ക് സമയം നിശ്ചയിക്കുന്നതിനായി നടത്തുന്ന ദൈർഘ്യമേറിയ ടൈമിങ് കോൺഫറൻസുകൾക്കും വിരാമമാകുമെന്നാണ് പ്രതീക്ഷ.

ആപ്പ് റെഡി; പക്ഷേ ഓട്ടം എങ്ങനെ?

പദ്ധതി നടപ്പാക്കുന്നതിന് മുന്നിൽ കടമ്പകളുമുണ്ട്. നിലവിലുള്ള ബസുകളിലെ സാങ്കേതിക സംവിധാനങ്ങൾ എങ്ങനെ ഏകോപിപ്പിക്കും, ബസ് ഓപ്പറേറ്റർമാരുടെ എതിർപ്പ് എങ്ങനെ മറികടക്കും, ഡൈനാമിക് ഷെഡ്യൂളിങ് പ്രായോഗികമായി എങ്ങനെ നടപ്പാക്കും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്.

സാങ്കേതികവും പ്രായോഗികവുമായ വശങ്ങൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എസ്.ടി.എ. നിർദേശിച്ചിട്ടുണ്ട്. ഉന്നത മൂന്നംഗ സമിതിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപത്തെയും പ്രവർത്തനരീതിയെയും കുറിച്ച് ഇപ്പോഴും പൂർണ വ്യക്തതയില്ലാത്തത് ഉദ്യോഗസ്ഥർക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!