ദത്തെടുത്ത പതിനാലുകാരിയെ പല തവണ പീഡിപ്പിച്ചു; വല്യച്ഛന് 10 വർഷം കഠിനതടവ്

Share our post

തിരുവനന്തപുരം∙ പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ വല്യച്ഛനു കോടതി 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ടുവർഷം കൂടി പ്രതി ശിക്ഷ അനുഭവിക്കണം.

2024 ജൂൺ 12 ന് ആണ് കേസിനു ആസ്പദമായ സംഭവം. പ്രതിയും അതിജീവിതയും ഒരു വീടിന്റെ ഇരുനിലകളിലായിട്ടാണു താമസo. അതിജീവിതയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി. അതിജീവിതയുടെ അമ്മയുടെ പിതാവ് അതിജീവിതയോടൊപ്പം വീടിന്റെ താഴത്തെ നിലയിലാണു താമസം. ഭാര്യാ പിതാവിനു രാവിലത്തെ ഭക്ഷണവും മരുന്നും കൊടുക്കുന്നതിനായി അതിജീവിതയുടെ വീട്ടിലേക്കു വന്ന പ്രതി സ്കൂളിൽ പോകുന്നതിനായി നിൽക്കുകയായിരുന്ന പെൺകുട്ടിയോടു ലൈംഗിക അതിക്രമം നടത്തി. പേടിച്ച പെൺകുട്ടി ഈ വിവരം അന്നേദിവസം കൂട്ടുകാരിയോടു പറഞ്ഞു. കൂട്ടുകാരി പറഞ്ഞതനുസരിച്ച് അമ്മയോടും സ്കൂൾ അധ്യാപകരോടും പറഞ്ഞു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും പൊലീസിലും അറിയിച്ചു. ഇതിന് മുൻപും പ്രതി പല തവണ പീഡിപ്പിച്ചുണ്ടെങ്കിലും കുട്ടി വീട്ടുകാർ തമ്മിൽ തർക്കുമുണ്ടാകുമെന്ന് കരുതി പുറത്തു പറഞ്ഞില്ല. പീഡനം തുടർന്നപ്പോഴാണു പുറത്തു പറഞ്ഞത്.

∙ പീഡിപ്പിച്ചത് കുടുംബം ദത്തെടുത്ത കുട്ടിയെ

ദത്തെടുത്തതിനാൽ ജനന തീയതിയെ കുറിച്ചു രക്ഷിതാക്കൾക്കു കൃത്യമായി അറിയാത്തതിനാൽ കുട്ടി പ്രായപൂർത്തിയായെന്നും പോക്സോ നിയമ പ്രകാരം കേസ് നിൽനിൽക്കില്ലായെന്നും വിചാരണ സമയത്ത് പ്രതിഭാഗം ഉന്നയിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ കുട്ടിയുടെ പ്രായം തെളിയിക്കാൻ വൈദ്യ പരിശോധനയ്ക്ക് അയയ്ക്കണമെന്നു ഹർജി നൽകുകയും കോടതി അനുവദിക്കുകയും ചെയ്തു. വൈദ്യ പരിശോധനയിൽ കുട്ടി പ്രായപൂർത്തിയായില്ലെന്നു തെളിഞ്ഞിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. പി. സുരഭി എന്നിവർ ഹാജരായി. കരമന പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.എസ്. ശ്രീജിത്ത്‌, ആർ.എസ്. വിപിൻ എന്നിവർ ആണ് കേസ് അന്വേഷണം നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!