പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി; മൃതദേഹവുമായി നാട്ടുകാരുടെ റോഡ് ഉപരോധം
തിരുവനന്തപുരം: ചിറയിൻകീഴിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. പെരുംകുഴി സ്വദേശി സജിയാണ് മരിച്ചത്. ഒക്ടോബർ രണ്ടിനാണ് സജിക്ക് മർദനമേറ്റതെന്നാണ് ബന്ധുക്കളുടെ പരാതി. ഒക്ടോബർ അഞ്ചിന് രാവിലെയാണ് സജി മരിച്ചത്.
പോലീസുകാർ സംഘം ചേർന്ന് സജിയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സമീപവാസിയെ പോലീസ് മർദ്ദിക്കുന്നത് തടയാൻ എത്തിയ സജിയെ പോലീസ് മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഡിവൈഎസ്പിക്ക് പരാതി നൽകി.
അതേസമയം, സജിയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പോലീസ് മർദനമാണോ മരണകാരണമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
