ട്രാവലർ മറിഞ്ഞു, 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; ഗർഭിണിയെ പുറത്തെത്തിച്ചെത് സീറ്റ് വെട്ടിപ്പൊളിച്ച്, 22 പേർക്ക് പരിക്ക്
തിരുവമ്പാടി (കോഴിക്കോട്): കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ-മരഞ്ചാട്ടി റോഡിൽ ബദാംചുവട് ഇറക്കത്തിൽ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. 22 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തം. മലപ്പുറം കാളികാവിൽനിന്ന് കക്കാടംപൊയിൽ സന്ദർശിച്ചു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കാളികാവ് കൂരാട് മാളിയേക്കൽ കൂളിപറമ്പൻ ഷഹിൻഷാ-ഷിഫ ദമ്പതിമാരുടെ ഏക മകൻ ആമിഷ് ആദം ആണ് മരിച്ചത്. മാതാവ് ഷിഫ (23) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒക്ടോബർ 24-ന് അമിഷിന്റെ ജന്മദിനം ആഘോഷിക്കാനിരിക്കേയാണ് അപകടം കുഞ്ഞുജീവൻ കവർന്നത്.
സ്ത്രീകളും കുട്ടികളും ഡ്രൈവറുമുൾപ്പെടെ 23 പേരടങ്ങിയ ട്രാവലറാണ് ഏറെ വളവും തിരിവുമുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞത്.
റോഡിനോടു ചേർന്ന പറമ്പിലെ മരത്തിൽ ഇടിച്ചുനിന്നതിനാൽ താഴ്ചയിലേക്ക് പതിക്കാതെ വൻദുരന്തത്തിൽനിന്നൊഴിവായി. ഇടിയുടെ ആഘാതത്തിൽ വാഹനം നിശ്ശേഷം തകർന്നു. ഗർഭിണിയായ യുവതി ചതുങ്ങിയ സീറ്റിനിടയിൽപ്പെട്ടു. അഗ്നിരക്ഷാസേന സീറ്റ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
നാട്ടുകാർ സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനമാണ് പലരുടെയും ജീവൻ രക്ഷിച്ചത്. വിവരമറിഞ്ഞ ഉടൻ വിവിധഭാഗങ്ങളിൽനിന്നും ആംബുലൻസുകൾ കുതിച്ചെത്തി. മുക്കം അഗ്നിരക്ഷാസേനയും തിരുവമ്പാടി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചാണ് അമിഷ് ആദത്തിന്റെ അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ: സുലൈമാൻ (53), ഷാനിമോൾ (42), റിഫ (18), തപ്സീറ (30), ഷിഫ (23), സാഹിറ (34), നസ അസ്രിൻ (ഒന്ന്), അഹമ്മദ് ഹസാൻ (എട്ട്), ഇഫ മറിയ (മൂന്ന്). അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: ബഷീർ (37), റിമാജിയ (25), നൈഹ (നാല്), നിദ നിസാം (12), ഷഹാന ഷെറിൻ (25), ദേശ (25). മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളവർ: അബ്ദുൽ ജലീൽ (52), ഇസ്സ (അഞ്ച്), ഹിദ (19), ശിഹാബുദ്ദീൻ (45), നൈഫ (10), ഷെൻസി (രണ്ട്), ഹബീബ്, ഹനീഫ (10), ഇവാൻ (ആറ്), ഹുസ്ന (38), ഖദീജ (70).
മരിച്ച ആമിഷ് ആദത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പിതാവ് ഷഹിൻഷാ ജിദ്ദയിലാണ്.
