രാജ്യത്ത് പാചകവാതക ഉപഭോഗം കുത്തനെ താഴോട്ട്; സെപ്റ്റംബറിൽ ഒമ്പത് ശതമാനത്തിന്‍റെ ഇടിവ്

Share our post

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോഗത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2026 സെപ്റ്റംബറിൽ എൽപിജി ഉപയോഗത്തിൽ ഒമ്പത് ശതമാനത്തിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുൻപുള്ള സുഗമമായ വിതരണത്തിലേക്ക് രാജ്യത്തെ എൽപിജി വിപണി ഇപ്പോഴും തിരിച്ചെത്തിയിട്ടില്ലെന്ന് വിവിധ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ഇന്ധന ഉപഭോഗ കണക്കുകൾ സൂക്ഷിക്കുന്ന ഔദ്യോഗിക ഏജൻസിയായ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ(PPAC) കണക്കുകൾ പ്രകാരമാണ് എൽപിജി ഉപഭോഗം താഴോട്ടാണെന്ന് വ്യക്തമാക്കുന്നത്. കണക്കുകൾ വാർഷിക അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ വലിയ അന്തരമാണ് കാണുന്നത്.

2026 സെപ്റ്റംബറിൽ ഇന്ത്യയിലെ എൽപിജി ഉപഭോഗം 2,636 മെട്രിക് ടൺ ആയിരുന്നു. 2025 സെപ്റ്റംബറിൽ ഇത് 2,902 ടിഎംടി ആയിരുന്ന സ്ഥാനത്താണിത്. അതായത് 9.15 ശതമാനത്തിന്റെ ഇടിവ്. 2024 സെപ്റ്റംബറിൽ ഉപഭോഗം 2,725 ടിഎംടി ആയിരുന്നുവെന്നും കണക്കുകളിലുണ്ട്. സമാനമായി, ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസത്തെ (ഏപ്രിൽ-സെപ്റ്റംബർ) ആകെ ഉപഭോഗം കണക്കെടുത്താലും ഇടിവ് പ്രകടമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16,218 ടിഎംടി ഉപയോഗിച്ച സ്ഥാനത്ത് ഇത്തവണയത് 13,797 ടിഎംടി ആയി ചുരുങ്ങി. അതായത് ആറ് മാസത്തെ കണക്കെടുത്താൽ 14.93 ശതമാനത്തിന്റെ കുറവ്.

വില്ലനായി പശ്ചിമേഷ്യൻ സംഘർഷം

ഇന്ത്യയ്ക്ക് ആവശ്യമായ എൽപിജിയുടെ വലിയൊരു ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ് വരുന്നത്. ലോകത്തെ എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ സിരാകേന്ദ്രമായ ‘ഹോർമുസ് കടലിടുക്കി’നെ പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം സാരമായി ബാധിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഈ ഇടുങ്ങിയ സമുദ്രപാതയിലൂടെയുള്ള ചരക്കുഗതാഗതം തടസ്സപ്പെട്ടത് എൽപിജി വിതരണത്തെ പ്രതികൂലമായി ബാധിച്ചു.

പകരക്കാരനായി പിഎൻജി; മാറുന്ന ഉപഭോക്താക്കൾ

എൽപിജി ഡിമാൻഡ് കുറയാനുള്ള മറ്റൊരു പ്രധാന കാരണം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ പിഎൻജിയുടെ വർധിച്ചുവരുന്ന സ്വീകാര്യതയാണ്. സിലിണ്ടറുകൾക്ക് പകരം പൈപ്പ് വഴി നേരിട്ട് അടുക്കളകളിലും വ്യവസായ ശാലകളിലും പാചകവാതകം എത്തിക്കുന്ന സംവിധാനമാണിത്. സിലിണ്ടർ തീർന്നുപോകുമെന്ന പേടി വേണ്ടെന്നതും, ഉപയോഗിക്കുന്ന വാതകത്തിന് മാത്രം പണം നൽകിയാൽ മതിയെന്നതും ആളുകളെ പിഎൻജിയിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്. സർക്കാരിന്റെ പിഎൻജി വ്യാപന പദ്ധതികൾ കൂടിയായപ്പോൾ പുതിയ കണക്ഷനുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

എൽപിജി വിതരണം ഉറപ്പാക്കാൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, പാചകവാതക ഉപഭോഗം കുറയുമ്പോഴും സെപ്റ്റംബറിൽ രാജ്യത്തെ പെട്രോൾ, ഡീസൽ ഉപയോഗം വർധിച്ചു എന്നതാണ്. ഗതാഗത മേഖലയിൽ ഇന്ധന ആവശ്യകത ഉയർന്നുതന്നെ നിൽക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!