ഓട്ടോയ്ക്ക് ഫിറ്റ്നസ് കിട്ടാൻ മുടക്കേണ്ടത് 5470 രൂപ; ഫീസിനൊപ്പം ജിഎസ്ടിയുമായി ‘ഓട്ടോമേറ്റഡ് പിഴിയൽ’
തിരുവനന്തപുരം: ഓട്ടമേറ്റഡ് ടെസ്റ്റിങ് സംവിധാനത്തിലേക്ക് മാറിയപ്പോൾ വാഹന ഉടമകൾക്ക് ഇരട്ടിപ്രഹരമായി ജി.എസ്.ടി.യും. 20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷയ്ക്ക് 810 രൂപ ചരക്ക്-സേവന നികുതി നൽകേണ്ടിവന്നു. ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തിയിരുന്നപ്പോൾ ഫീസ് മാത്രമാണ് ഈടാക്കിയിരുന്നത്.
ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വന്നതോടെ നികുതികൂടി ഉൾപ്പെടുത്തി ഫീസ് നൽകണം. ഓരോ ടെസ്റ്റിനും 18 ശതമാനം ജി.എസ്.ടി. ഈടാക്കും. പഴയവാഹനങ്ങൾക്ക് ടെസ്റ്റിങ് ഫീസ് കൂടുമ്പോൾ അതിനനുസരിച്ച് ജി.എസ്.ടി.യും ഉയരും.
20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷ നിരത്തിലിറക്കാൻ ഫീസും നികുതിയുമായി 5470 രൂപ നൽകേണ്ടിവരും. ടെസ്റ്റിൽ പരാജയപ്പെടുന്ന വാഹനങ്ങൾ ഓരോതവണ ഹാജരാക്കുമ്പോഴും ജി.എസ്.ടി. കൊടുക്കണം.
ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളിൽനിന്ന് നൽകുന്നത് ടെസ്റ്റിങ് സമയത്തെ വാഹനത്തിന്റെ ചിത്രംകൂടി ഉൾക്കൊള്ളിച്ചുള്ള സർട്ടിഫിക്കറ്റാണ്. എൻജിൻ, ഷാസി നമ്പറുകളുടെ ചിത്രവുമുണ്ടാകും. ഓരോ ടെസ്റ്റിന്റെ വിശദാംശങ്ങളും സർട്ടിഫിക്കറ്റിലുണ്ട്.
വാഹനം ഹാജരാക്കാതെ തിരിമറി നടത്തുമെന്ന ആരോപണം തള്ളിക്കളയുന്നതാണ് പുതിയ മാതൃകയിലുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. വാഹനം ടെസ്റ്റിങ് സ്റ്റേഷനിൽ എത്തുന്നതുമുതലുള്ള ദൃശ്യങ്ങൾ സെർവറിൽ സൂക്ഷിക്കും.
