ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് കാമുകിയെ കൊന്ന കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ചനിലയിൽ

Share our post

കോഴിക്കോട്: യുവതിയെ വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തടമ്പാട്ട് താഴം പീസ് ഗാർഡനിൽ പി. വൈശാഖനെ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചശേഷം വൈശാഖൻ പുറത്തിറങ്ങിയിരുന്നു.

ജനുവരി 24-നായിരുന്നു മോരിക്കരയിലെ വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രിയൽ എന്ന സ്ഥാപനത്തിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു.

വർഷങ്ങളായി പ്രണയത്തിലായിരുന്നു വൈശാഖനും യുവതിയും. വിവാഹംചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞ് സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് നൽകുകയും കഴുത്തിൽ കുരുക്കിട്ട് സ്റ്റൂൾ തട്ടിമാറ്റി യുവതിയെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. മരണശേഷവും യുവതിയെ വൈശാഖൻ പീഡിപ്പിച്ചെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരേ പോക്സോ കുറ്റവും ചുമത്തിയിരുന്നു.

രണ്ടുപേർക്കും മരിക്കാനായി ഒരേ കയറിൽ രണ്ട് കുരുക്കുകൾ ഇയാൾ തയ്യാറാക്കിയിരുന്നു. യുവതിയെ വിശ്വസിപ്പിക്കാൻ കുറഞ്ഞ അളവിൽ ഉറക്കഗുളിക കലർത്തിയ ജ്യൂസ് വൈശാഖൻ കുടിച്ചു. യുവതിക്ക് കൂടുതൽ അളവിൽ ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകി. തുടർന്ന് കുരുക്കിൽ തലയിടാൻ നിർബന്ധിച്ചു. യുവതി ഇതിന് വിസമ്മതിച്ചപ്പോൾ മർദിച്ച് സമ്മതിപ്പിക്കുകയും പാതിമയക്കത്തിലായ യുവതി കയറിനിന്ന സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയുമായിരുന്നു.

യുവതിയുടെ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് യുവതി ആത്മഹത്യക്ക് ശ്രമിച്ചുവെന്നുപറഞ്ഞ് സ്വന്തം ഭാര്യയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ ഒപ്പംകൂട്ടുകയും ചെയ്തു. എന്നാൽ, യുവതിയുടെ ബാഗിൽനിന്ന് പോലീസ് കണ്ടെടുത്ത ഡയറിയിക്കുറിപ്പ് വൈശാഖന് കുരുക്കായി. ഡിസംബർ 24-ലെ ഡയറിക്കുറിപ്പിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് എഴുതിയിരുന്നു.

കൂടാതെ, 16 വയസ്സുള്ളപ്പോൾ മുതൽ വൈശാഖൻ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായും ശാരീരിക-മാനസിക പീഡനങ്ങൾ തുടരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ചോദ്യംചെയ്യലിൽ പ്ലസ്ടു ക്ലാസിൽ പഠിക്കുമ്പോഴേ പീഡനം തുടങ്ങിയതായി ഇയാൾ സമ്മതിച്ചതോടെ പോക്‌സോ വകുപ്പുകളും ചുമത്തി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!