വീടുകളിലെ ഈ നിശബ്ദ വിഷം നിങ്ങളുടെ ഹൃദയാരോഗ്യം തകർക്കും; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനും കാരണം അനാരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും മാത്രമാണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി! നാം നിത്യവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും കളിപ്പാട്ടങ്ങളും എന്തിന്, ഷാംപൂ പോലും ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഒരു നിശബ്ദ കൊലയാളിയാകാം. പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ‘താലേറ്റുകൾ’ (Phthalates) എന്ന വിഷ രാസവസ്തുക്കൾ ഇന്ത്യയിൽ മാത്രം ഒരു വർഷം ഒരു ലക്ഷത്തിലധികം ആളുകളുടെ ഹൃദ്രോഗ മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന പുതിയ പഠന റിപ്പോർട്ട് വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നത്.
എന്താണ് താലേറ്റുകൾ? അവ എങ്ങനെ ശരീരത്തിലെത്തുന്നു?
പ്ലാസ്റ്റിക്കിന് കൂടുതൽ മൃദുത്വവും വഴക്കവും ഈടും നൽകുന്നതിനാണ് പ്രധാനമായും താലേറ്റുകൾ ചേർക്കുന്നത്. എന്നാൽ ഇവ പ്ലാസ്റ്റിക്കിനുള്ളിൽ തന്നെ സ്ഥിരമായി നിൽക്കില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. പ്ലാസ്റ്റിക് പാത്രങ്ങളിൽ വെച്ച് ഭക്ഷണം ചൂടാക്കുമ്പോഴും, പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കുന്ന വെള്ളത്തിലൂടെയും, നാം ശ്വസിക്കുന്ന വായുവിലൂടെയും ഈ അപകടകരമായ രാസവസ്തുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇതിനുപുറമെ സൗന്ദര്യവർധക വസ്തുക്കളിലൂടെയും മറ്റ് വ്യക്തിഗത പരിചരണ ഉത്പന്നങ്ങളിലൂടെയും ഇവ എളുപ്പത്തിൽ ശരീരത്തിനുള്ളിൽ എത്തും.
ശരീരത്തെ കാർന്നുതിന്നുന്ന രാസവസ്തുക്കൾ
ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ താലേറ്റുകൾ എൻഡോക്രൈൻ സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഹോർമോൺ ഡിസ്റപ്റ്ററുകളായി മാറുന്നു. ഇവ ഉപാപചയ പ്രവർത്തനങ്ങളെയും പ്രത്യുൽപാദന ശേഷിയെയും ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു. എന്നാൽ ഇതിനേക്കാളെല്ലാം ഗുരുതരമായി ഇവ ഹൃദയാരോഗ്യത്തെയാണ് നശിപ്പിക്കുന്നത്. 2018-ലെ ആഗോള പഠന പ്രകാരം, ലോകമെമ്പാടുമായി 3.5 ലക്ഷത്തിലധികം ആളുകളാണ് താലേറ്റ് എക്സ്പോഷർ മൂലം മരണപ്പെട്ടത്. ഇതിൽ ഒരു ലക്ഷത്തിലധികം മരണങ്ങൾ സംഭവിച്ചത് ഇന്ത്യയിലാണെന്നത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു.
ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെ?
66 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ഗവേഷകർ കണ്ടെത്തിയത്, 2018-ൽ ലോകമെമ്പാടുമുള്ള 55 മുതൽ 64 വയസുവരെയുള്ളവരിൽ സംഭവിച്ച ഹൃദ്രോഗ മരണങ്ങളിൽ 13 ശതമാനത്തിനും കാരണം DEHP (di-2-ethylhexyl phthalate) എന്ന വ്യാപകമായി ഉപയോഗിക്കപ്പെടുന്ന താലേറ്റുമായുള്ള സമ്പർക്കമാണ് എന്നാണ്.
രക്തധമനികൾക്കുള്ളിൽ വീക്കം ഉണ്ടാക്കാൻ ഈ രാസവസ്തുവിന് കഴിയും. കാലക്രമേണ ഇത് രക്തക്കുഴലുകളുടെ ഭിത്തികൾ കട്ടിയാകാനും, പ്ലാക്ക് രൂപപ്പെടാനും കാരണമാകുന്നു. വളരെ കുറഞ്ഞ അളവിലാണെങ്കിലും ദീർഘകാലം ഈ രാസവസ്തു ശരീരത്തിലെത്തുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കും. വലിയ ജനസാന്ദ്രതയും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവുമുള്ള ദക്ഷിണേഷ്യ, കിഴക്കനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതലുള്ളത്.
ഇന്ത്യ എന്തുകൊണ്ട് കൂടുതൽ ഭീഷണി നേരിടുന്നു?
ഇന്ത്യയിലെ സാഹചര്യം കൂടുതൽ ആശങ്കാജനകമാകാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
- പ്ലാസ്റ്റിക്കിനെ അമിതമായി ആശ്രയിക്കുന്നത്: പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ മുതൽ ആശുപത്രി ഉപകരണങ്ങൾ വരെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് ഇന്ന് നമ്മുടെ മുന്നിലെത്തുന്നത്
- നിയമങ്ങളിലെ അപര്യാപ്തത: ഇത്തരം ദോഷകരമായ രാസവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള കർശന നിയമങ്ങളുടെ അഭാവം
- ബോധവൽക്കരണമില്ലായ്മ: പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അറിവ് വളരെ കുറവാണ്
രാസവസ്തുക്കളോട് ശരീരം വേഗത്തിൽ പ്രതികരിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരാണ് ഇതിന്റെ ഏറ്റവും വലിയ അപകടസാധ്യത നേരിടുന്നത്.
പ്രതിരോധം എങ്ങനെ?
പരിസ്ഥിതിയിൽ നിന്നും നമ്മുടെ ജീവിതത്തിൽ നിന്നും താലേറ്റുകളെ പൂർണമായും ഒഴിവാക്കുക എന്നത് അസാധ്യമാണെങ്കിലും, ചില മാറ്റങ്ങളിലൂടെ നമുക്ക് ഇവയെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും:
- പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം വെച്ച് മൈക്രോവേവ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക
- ഭക്ഷണം സൂക്ഷിക്കാൻ പ്ലാസ്റ്റിക്കിന് പകരം സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക
- സൗന്ദര്യവർദ്ധക വസ്തുക്കളും ലോഷനുകളും വാങ്ങുമ്പോൾ ലേബലുകളിൽ “Phthalate-free” എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക
