ഒന്നരമാസം വെന്റിലേറ്ററിൽ, ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു; ഭർത്താവിനെതിരെ യുവതിയുടെ കുടുംബം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. പയ്യോളി സ്വദേശിനിയായ ഷമീമയാണ് മരിച്ചത്. ഏഴുമാസം ഗർഭിണിയായിരുന്നു യുവതി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. ഭർത്താവ് നവാസിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് യുവതി അബോധാവസ്ഥയിലായതെന്നും മരണപ്പെട്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഷമീമയെ ഭർത്താവ് ശാരീരികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി.
വെന്റിലേറ്ററിൽ ഒന്നരമാസം ചികിത്സയിലായിരുന്നു യുവതി. ആറുമാസം ഗർഭിണിയായിരിക്കെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് ഷമീമ മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന സമയത്ത് ഷമീമയുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വായിൽ നിന്ന് നുര വന്ന അവസ്ഥയിലായിരുന്നു യുവതിയെന്ന് സഹോദരൻ ഷാമിൽ വെളിപ്പെടുത്തി. ഷമീമ അബോധാവസ്ഥയിലാകുന്നതിന് മുൻപ് നവാസ് വീട്ടിലുണ്ടായിരുന്നുവെന്നും എന്നാൽ അഞ്ചോ ആറോ മണിക്കൂർ വൈകിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
നവാസ് മുൻപും ഷമീമയെ അതിക്രൂരമായ അക്രമങ്ങൾക്ക് ഇരയാക്കിയിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു വർഷം മുൻപ് ഓട്ടോറിക്ഷയിടിപ്പിച്ച് ഇയാൾ ഷമീമയെ കൊലപ്പെടുത്താൻ ശ്രമിച്ചതായും അന്ന് കൈകാലുകളിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു. ഷമീമയുടെ ഫോൺ ആവശ്യപ്പെട്ട് തന്നെ നവാസ് മർദിച്ചതായും സഹോദരൻ ആരോപിച്ചു.
മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ ഷമീമയ്ക്ക് മറ്റ് അഭയമില്ലാതിരുന്നതിനാലാണ് ഇത്രയും പീഡനങ്ങൾ സഹിച്ചതെന്നാണ് സഹോദരൻ പറയുന്നത്. സഹോദരൻ വിദേശത്തായിരുന്ന സമയത്ത് ഷമീമ തന്നെ അടിക്കുന്നതിനെക്കുറിച്ച് സുഹൃത്തുക്കൾക്ക് വോയിസ് മെസ്സേജുകൾ അയച്ചിരുന്നു. ഈ സന്ദേശങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. മുൻപ് രണ്ട് തവണ മർദ്ദനം കാരണം യുവതിയുടെ ഗർഭം അലസിയിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഷമീമയുടെ മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് കൊയിലാണ്ടി പോലീസ് വ്യക്തമാക്കി.
