രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ്; ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍
കണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആർ രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ് എന്ന് പരാതി. മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍ എന്നാണ് വിവരം. മൃതദേഹം എംബാം ചെയ്യാനും തയ്യാറായില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. മൃതദേഹം ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പിന്നീട് ഈ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില് അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലുകള്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ വിഫലമാകുകയായിരുന്നു.
കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്മോര്ട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നല്‍കിയത്. ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിതുടങ്ങിയതിനാലും ഫ്രീസര്‍ സ്വകര്യമുള്ള ആബുലന്‍സ് രാജേഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ട് ഇല്ലെന്ന കാരണത്താല്‍ ആവശ്യം നിരസിച്ചു. തുടര്‍ന്ന് ഫ്രീസര്‍ സ്വകര്യം ഇല്ലാത്ത മെഡിക്കല്‍ കോളേജിലെ ആംബുലന്‍സില്‍ കൊണ്ട് പോകാന്‍ ബന്ധുക്കളോട് പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍ പുറപ്പെട്ടെങ്കിലും ദുര്‍ഗന്ധം വമിച്ചതിനാല്‍ ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
