ഇഞ്ചി വില കണ്ട് കണ്ണഞ്ചി!; ഒട്ടും കുറയാതെ വെളുത്തുള്ളിയും, കുതിച്ചുയർന്ന് പച്ചക്കറി വില

Share our post

മൂവാറ്റുപുഴ ∙ വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെ വില കിലോഗ്രാമിന് 250 രൂപ വരെയായി ഉയർന്നു. കനത്ത മഴയെ തുടർന്ന് ഇഞ്ചി ഉൽപാദനം വലിയ തോതിൽ ഇടിഞ്ഞതാണു വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിനു പ്രധാന കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ 75 ശതമാനത്തോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സാധാരണയായി ഒരു ടൺ ഇഞ്ചി ലഭിക്കേണ്ട സ്ഥാനത്ത് നിലവിൽ തോട്ടങ്ങളിൽനിന്നു വെറും 250 കിലോഗ്രാം മാത്രമാണു ലഭിക്കുന്നതെന്നു കർഷകർ വ്യക്തമാക്കുന്നു. നിലവിലുള്ള പുതിയ കൃഷി ആരംഭിച്ച്, അതു വിളവെടുപ്പു നടത്തി വിപണിയിൽ എത്തുന്നതുവരെ വില താഴാൻ സാധ്യതയില്ലെന്നാണു വ്യാപാരികളുടെ വിലയിരുത്തൽ.

വെളുത്തുള്ളി വിലയും കുതിക്കുകയാണ്. നിലവിൽ വെളുത്തുള്ളി വില കിലോഗ്രാമിന് 180 – 200 രൂപ നിരക്കിലാണു വിൽക്കുന്നത്. സവാള തുടങ്ങിയ മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വൻ വിലക്കയറ്റമാണ്. സാമ്പാർ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും. തക്കാളി വില കിലോഗ്രാമിന് 39– 42 രൂപയായി തുടരുമ്പോൾ തക്കാളി ബോക്സിന് 900 രൂപയാണ് ഇന്നലത്തെ മൊത്തവ്യാപാര നിരക്ക്. സവാള വില 32– 35 രൂപയായി ഉയർന്നിട്ടുണ്ട്. ബീൻസിന് ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 90 രൂപ വരെയായി.

കാരറ്റിന് 65–70 രൂപയാണു വില. വെണ്ടയ്ക്ക 35– 40 രൂപ. ബീറ്റ് റൂട്ട് 48 – 60, കോളിഫ്ലവർ 39- 56, കാബേജ് 44 – 56 എന്നിങ്ങനെയാണു വിലനിലവാരം. പ്രധാന ഉൽപാദന കേന്ദ്രങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണു പച്ചക്കറികളുടെ വില വർധിക്കാൻ ഇടയാക്കിയത്. ഇന്ധനവില വർധന കാരണം ചരക്കുകൂലിയിൽ ഉണ്ടായ വർധനയും പച്ചക്കറി വിപണിയെ നേരിട്ടു ബാധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!