പത്തുതരം കാൻസർ കണ്ടെത്താൻ ഒരൊറ്റ രക്തപരിശോധനയുമായി ഇന്ത്യ; പരമ്പരാഗത ടെസ്റ്റുകൾക്ക് പകരമാവില്ല
ഒരൊറ്റ രക്തപരിശോധനയിലൂടെ പത്തുതരം കാൻസറുകൾ കണ്ടെത്താൻ കഴിയുന്ന രക്തപരിശോധന അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് അപ്പോളോ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്. കാൻസർ രോഗത്തെ കണ്ടെത്താനുള്ള ലളിതമായ മാർഗമാവും ഇതെന്നാണ് വിദഗ്ധർ കരുതുന്നത്.
ഷീൽഡ് മൾട്ടി-ക്യാൻസർ ഡിറ്റക്ഷൻ (MCD) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന അമേരിക്ക ആസ്ഥാനമായുള്ള ഗാർഡന്റ് ഹെൽത്ത് ആണ് വികസിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഡന്റ് ഹെൽത്തും സൈഡസും തമ്മിലുള്ള കരാറിൻ്റെ ഭാഗമായാണ് ഇന്ത്യയിലും ഇത് ലഭ്യമാക്കാനൊരുങ്ങുന്നത്.
കാൻസർ സ്ക്രീനിങ്ങിൽ പ്രധാന വഴിത്തിരിവാകും ഈ പരിശോധനയെന്നാണ് ആറ് ഏഷ്യൻ രാജ്യങ്ങളിൽ നടത്തിയ ഏറ്റവും വലിയ പഠനങ്ങളിലൊന്നു പറയുന്നത്. ഈ പരിശോധനകൾ നിലവിലുള്ള സ്ക്രീനിംഗ് രീതികളെ പൂർണമാക്കാൻ ഉതകുന്നവയായിരിക്കുമെന്നും മറിച്ച് അവയ്ക്ക് പകരമാകില്ലെന്നും ഗവേഷകർ പറയുന്നുണ്ട്.
45 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളതും കാൻസർ വരാനുള്ള സാധ്യത കൂടുതലുള്ളതുമായ ആളുകൾക്ക് വേണ്ടി വികസിപ്പിച്ച രക്തപരിശോധനയാണിത്. ഇത് രക്തത്തിലെ ഡിഎൻഎയിലെ കാൻസർ സംബന്ധമായ മാറ്റങ്ങൾ, പാറ്റേണുകൾ എന്നിവ കണ്ടെത്തി കാൻസർ സാധ്യത സൂചിപ്പിക്കുകയാണ് ചെയ്യുക. സ്തനം, വൻകുടൽ, കരൾ, ശ്വാസകോശം, അന്നനാളം, ആമാശയം, അണ്ഡാശയം, പാൻക്രിയാസ്, പ്രോസ്റ്റേറ്റ് ക്യാൻസറുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമാണ് ഈ പരിശോധനയെന്നും ഗവേഷകർ പറയുന്നുണ്ട്.
പരമ്പരാഗത രീതിയിലുള്ള കാൻസർ സ്ക്രീനിങ്ങിൽ നിന്ന് വ്യത്യസ്തമായി ഒരൊറ്റ രക്തസാമ്പിളിലൂടെ ഒന്നിലധികം കാൻസറുകളുടെ സൂചനകൾ അറിയാൻ സഹായിക്കുമെന്ന് വിദഗ്ധർ അവകാശപ്പെടുന്നു. അതേസമയം രക്തപരിശോധനയിൽ പോസിറ്റീവായ സൂചനകൾ കണ്ടാലും സ്കാനുകൾ, ബയോപ്സി തുടങ്ങിയ തുടർപരിശോധനകളിലൂടെ മാത്രമേ രോഗസ്ഥിരീകരണം നടത്താനാവൂ എന്നും പറയുന്നുണ്ട്.
ആറ് ഏഷ്യൻ രാജ്യങ്ങളിലെ 84,000-ൽ അധികം ആളുകളിൽ ഗവേഷണത്തിന്റെ ഭാഗമായി രക്തപരിശോധന നടത്തിയിരുന്നു. പരിശോധനയിൽ രോഗസാധ്യത പറഞ്ഞ 79ശതമാനം പേരിൽ അർബുദം സ്ഥിരീകരിച്ചുവെന്ന് ഗവേഷകർ വ്യക്തമാക്കി.
